ഐ എസ് സി യൂത്ത് ഫെസ്റ്റിവലിന് നാളെ തുടക്കമാകും.
അബുദാബി: അബുദാബി ഇന്ത്യാ സോഷ്യല്‍ ആൻഡ് കൾച്ചറൽ സെന്റർ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന ‘യൂത്ത് ഫെസ്റ്റിവലിനു’ നാളെ (ജനുവരി 31) തുടക്കം കുറിയ്ക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന കലാ മേളയിൽ വിവിധ എമറേറ്റുകളിൽ നിന്നായി അഞ്ഞൂറോളം പ്രതിഭകളാണ് മത്സരിക്കുക.മൂന്ന് മുതല്‍ 18 വയസ്സുവരെയുള്ള മത്സരാര്‍ത്ഥികളുടെ 21 ഇനങ്ങള്‍ ഐഎസ്‌സി അങ്കണത്തിലുള്ള അഞ്ച് വേദികളിലായിട്ടാണ് അരങ്ങേറുക. നൃത്തയിനങ്ങള്‍ കൂടാതെ ക്ലാസിക്കല്‍ സംഗീതം, ഉപകരണ സംഗീതം, അഭിനയം, പ്രച്ഛന്ന വേഷം തുടങ്ങിയ ഇനങ്ങളിലും മത്സരങ്ങള്‍ നടക്കും. ജനുവരി 31, ഫെബ്രുവരി 1, 2 തിയ്യതികളില്‍ നടക്കുന്ന കലാമേളയില്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പിടി, കഥക്, ഒഡീസി തുടങ്ങി എല്ലാ ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തങ്ങളും വേദിയില്‍ മത്സരത്തിനെത്തും. കലാമേളയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന കലാകാരനും കലാകാരിക്കും ഐഎസ്‌സി പ്രതിഭ, ഐഎസ്‌സി തിലക് പുരസ്‌കാരങ്ങള്‍ നല്‍കും. ഏറ്റവും കൂടുതല്‍ പോയിന്റ് കരസ്ഥമാക്കുന്ന സ്‌കൂളുകള്‍ക്കും മെഡലുകള്‍ സമ്മാനിക്കും. ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ജയറാം റായ്, ജനറല്‍ സെക്രട്ടറി രാജേഷ് എസ് നായര്‍, ട്രഷറര്‍ ദിനേശ് പൊതുവാള്‍, സാഹിത്യ വിഭാഗം സെക്രട്ടറി നാസര്‍ തമ്പി, ഭവന്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുരേഷ് ബാലകൃഷ്ണന്‍, സ്പിന്നീസ് ഗ്രൂപ്പ് മാനേജര്‍ റോബിണ്‍സന്‍ മൈക്കിള്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.ഇന്ത്യന്‍ സമൂഹം സംഘടിപ്പിക്കുന്ന യുഎഇയിലെ ഏറ്റവും വലിയാ കലാമേളയാണ് ഐഎസ്‌സി ഓപ്പണ്‍ യൂത്ത് ഫെസ്റ്റിവല്‍ എന്ന് സംഘാടകര്‍ പറഞ്ഞു.