മസ്‌കത്ത് അന്താരാഷ്ട്ര പുസ്തക മേളക്ക് തുടക്കം കുറിച്ചു.
മസ്‌കത്ത്: മസ്‌കത്ത് രാജ്യാന്തര പുസ്തക മേളക്ക് ഒമാന്‍ കണ്‍വെന്‍ഷന്‍ ആൻഡ് എക്‌സിബിഷന്‍ സെന്‍ററില്‍ തുടക്കം കുറിച്ചു. ഔഖാഫ്, മതകാര്യ മന്ത്രി ഡോ. സഈദ് അല്‍ മഅ്മരി ഉദ്ഘാടനം ചെയ്തു. ഇന്‍ഫര്‍മേഷന്‍ മന്ത്രിയും മസ്‌കത്ത് പുസ്തക മേള കമ്മിറ്റി ചെയര്‍മാനുമായ ഡോ. അബ്ദുല്ല നാസര്‍ അല്‍ ഹര്‍റാസി ഉള്‍പ്പെടെ സന്നിഹിതരായിരുന്നു. 28–ാം എഡിഷന്‍ പുസ്തക മേളയാണ് ഇത്തവണ അരങ്ങേറുന്നത്. സാംസ്‌കാരിക, പുസ്തക പ്രസിദ്ധീകരണ രംഗത്ത് ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍റസിന്‍റെ സ്വാധീനം എന്ന പ്രമേയത്തില്‍ നടക്കുന്ന പുസ്തക മേളയില്‍ 34 രാഷ്ട്രങ്ങളില്‍ നിന്നുള്ള 847 പ്രസാധകരും ലോക ഭാഷകളില്‍ നിന്നുള്ള 622,000 പുസ്തകങ്ങളും അക്ഷര പ്രേമികളെ കാത്തിരിക്കുന്നു. 20,000 പുസ്തകങ്ങള്‍ ഇംഗ്ലിഷിലും 268,000 പുസ്തകങ്ങള്‍ അറബിയിലുമുണ്ടാകും. മലയാളം പുസ്തകങ്ങളും ഇവിടെ ലഭ്യമാകും.കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക കോര്‍ണറുകളും പുസ്തക മേളയില്‍ ഒരുക്കും. സന്ദര്‍ശകര്‍ക്കായി 3ഡി മാപ്പുകളും വഴി കാണിക്കാന്‍ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍റ്‌സ് ഉപയോഗിച്ചുള്ള റോബോര്‍ട്ടുകളും ഉണ്ടാകും. മാര്‍ച്ച് രണ്ട് വരെ പുസ്തക മേള തുടരും