PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIഭാര്യയുടെ ഇച്ഛാശക്തി കൂട്ടായി; 50 വർഷങ്ങൾക്ക് ശേഷം മുഹമ്മദിന് കേൾവി ശക്തി തിരിച്ചു കിട്ടി

ഭാര്യയുടെ ഇച്ഛാശക്തി കൂട്ടായി; 50 വർഷങ്ങൾക്ക് ശേഷം മുഹമ്മദിന് കേൾവി ശക്തി തിരിച്ചു കിട്ടി

ഭാര്യയുടെ ഇച്ഛാശക്തി കൂട്ടായി; 50 വർഷങ്ങൾക്ക് ശേഷം മുഹമ്മദിന് കേൾവി ശക്തി തിരിച്ചു കിട്ടി

അബുദാബി: അൻപത് വർഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം മുഹമ്മദ് ഹുസൈന് ഇപ്പോൾ തനിക്ക് ചുറ്റിലുമുള്ള ലോകത്തെ കേൾക്കാം. പ്രിയപ്പെട്ടവരുടെ വിളികൾ, നഗരത്തിരക്കുകളിലെ ബഹളങ്ങൾ, താമസ സ്ഥലത്തെ ചിരപരിചിതരുടെ വർത്തമാനങ്ങൾ എന്നു വേണ്ട, ചുണ്ടനക്കങ്ങളും ആംഗ്യങ്ങളും കൂട്ടിവായിച്ചു മനസിലാക്കിയ കാര്യങ്ങൾക്ക് ഇപ്പോൾ ശബ്ദം കൂട്ട്. നിശബ്ദതയുടെ അരനൂറ്റാണ്ടിൽ 30 വർഷമായി ഒരുമിച്ചുള്ള ഭാര്യ തസ്‌ലിബാനുവിൻറെ ഇച്ഛാശക്തിയും യുഎഇയിലെ മെഡിക്കൽ വൈദഗ്ധ്യവും ചേർന്നപ്പോൾ  മാറിയത് രണ്ടു വയസിൽ കേൾവിശക്തി നഷ്ടപെട്ട മുഹമ്മദിന്റെ ജീവിതമാണ്.
 
അപകടം ആവർത്തിക്കാതിരിക്കാനുള്ള ഭാര്യയുടെ കരുതൽ
ആശുപത്രിയിലെ ജോലിയുടെ ഭാഗമായി കോക്ലിയർ ഇംപ്ലാന്റുകളുടെ സാധ്യതയെക്കുറിച്ച് ഡോക്ടർമാരിൽ നിന്ന് തസ്‌ലിക്ക് ലഭിച്ച വിവരങ്ങളും നിരന്തര പരിശ്രമങ്ങളുമാണ് ഇരുവരുടെയും ജീവിതത്തിൽ വഴിത്തിരിവായത്. ഒട്ടോളാറിംഗോളജി സ്പെഷ്യലിസ്റ്റ് ഡോ. സീമ പുന്നൂസാണ് മുഹമ്മദിനെ കേൾവിയുടെ ലോകത്തേക്ക് തിരിച്ചെത്തിക്കാനുള്ള  തസ്‌ലിയുടെ യാത്രയിൽ പിന്തുണയായത്. ഭർത്താവിനെ അപകടങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള തീവ്രമായ ആഗ്രഹമായിരുന്നു വർഷങ്ങളായുള്ള തസ്‌ലിയുടെ പരിശ്രമങ്ങൾക്ക് പിന്നിൽ.
പതിനേഴാം വയസിൽ മുഹമ്മദ്‌ നേരിട്ട ഗുരുതരമായ ഒരപകടത്തെപ്പറ്റി അദ്ദേഹത്തിന്റെ പെങ്ങൾ പറഞ്ഞത് തസ്‌ലിബാനുവിന്റെ ഓർമയിലെന്നും ഭയമായി അവശേഷിച്ചിരുന്നു. അത്തരം സന്ദർഭങ്ങൾ  ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലായിരുന്നു ചികിത്സ മാർഗങ്ങൾ തേടാനുള്ള പ്രേരണ.
കേൾവി തടസങ്ങൾ ഉണ്ടായിട്ടും തയ്യൽക്കാരനായും അലക്ക് ജോലിയിൽ സഹായിയായും പ്രവർത്തിക്കുകയായിരുന്നു മുഹമ്മദ്. മഹാമാരിക്കാലത്ത്  മുഹമ്മദിന്റെ തൊഴിൽ നഷ്ടമായതോടെ  അബുദാബിയിലെ ബുർജീൽ ഹോസ്പിറ്റലിൽ സിഎസ്എസ്ഡി മാനേജറായ തസ്‌ലിബാനുവായി കുടുംബത്തിന്റെ അത്താണി.എങ്കിലും ഇരുവരും ആഗ്രഹം കൈവിട്ടില്ല.
ഏറെ വെല്ലുവിളികൾ, തുണയായി മെഡിക്കൽ വൈദഗ്ദ്യം
തീരെ ചെറുപ്പത്തിൽ കേൾവി ശക്തി നഷ്ടമായയാൾക്ക് അര നൂറ്റാണ്ടിനു ശേഷം കോക്ലിയർ ഇംപ്ലാന്റ് ചെയ്യുമ്പോൾ വെല്ലുവിളികളും പരിമിതികളും ഏറെയാണ്. ഇക്കാര്യം കുടുംബത്തെ ധരിപ്പിച്ച ഡോ. സീമ ക്ലിനിക്കൽ ഓഡിയോളജിസ്റ്റ് ഡോ. കിംലിൻ ജോർജിന്റെ പരിശോധനക്കായി മുഹമ്മദിനെ റഫർ ചെയ്തു. പിന്നീട് നടന്ന പരിശോധനയിൽ, രണ്ട് ചെവികളിലും കാര്യമായ കേൾവിക്കുറവ് കണ്ടെത്തി. സിടി, എംആർഐ സ്കാനുകളിൽ ഇരു ചെവികളിലും അസ്ഥി നിക്ഷേപം ഉള്ളതായി സ്ഥിരീകരിച്ചു. ഇതൊരു പ്രധാന വെല്ലുവിളിയായി.
ചെവിയിലെ രക്തക്കുഴലുകളോടും ആന്തരികഭാഗങ്ങളോടും ചേർന്ന് ഡ്രിൽ ചെയ്യേണ്ട ഇമ്പ്ലാന്റിന് സങ്കീർണ്ണതകൾ ഏറെ. ഭീഷണിയുയർത്തുന്ന സാഹചര്യങ്ങൾ അറിഞ്ഞിട്ടും ശസ്തക്രിയയുമായി  മുന്നോട്ട് പോകാൻ കുടുംബം തീരുമാനിച്ചു.
ബുർജീൽ ഹോസ്പിറ്റലിലെ കോക്ലിയർ ഇംപ്ലാന്റ് സർജനും ഇഎൻടി കൺസൾട്ടന്റുമായ ഡോ. അഹമ്മദ് അൽ അമാദിയുടെ നേതൃത്വത്തിൽ അഞ്ച് മണിക്കൂർ നീണ്ട ശസ്ത്രക്രിയ. മെഡിക്കൽ സംഘം അതി വിദഗ്ദമായി മുഹമ്മദിന്റെ കോക്ലിയയിൽ ഇംപ്ലാന്റുകൾ സ്ഥാപിച്ചു. ഡ്രില്ലിംഗിന്റെ ആഴം മുൻകൂട്ടി തിട്ടപ്പെടുത്താൻ ആകാത്തതടക്കമുള്ള വെല്ലുവിളികൾ മറികടക്കാൻ ഡോക്ടർമാർക്കായി.
ബാനു എന്ന ആദ്യ ശബ്ദം, സന്തോഷം, കണ്ണീർ
ശസ്ത്രക്രിയ കഴിഞ്ഞ് ഒരു മാസത്തിന് ശേഷമായിരുന്നു അര നൂറ്റാണ്ടിന് ശേഷമുള്ള മുഹമ്മദിന്റെ ജീവിതത്തിലെ ആ അപൂർവ ദിനം.കോക്ലിയർ ഇംപ്ലാന്റ് പ്രവർത്തനക്ഷമമാക്കുന്നതിനായി ഡോ. കിംലിനെ കാണാനെത്തിയ മുഹമ്മദിനുള്ള സർപ്രൈസ് നിശ്ചയിച്ചത് ഡോ. കിംലിൻ. കേൾവി മധുരം തിരിച്ചു തരാൻ കാരണമായ പ്രിയതമയുടെ ശബ്ദം മുഹമ്മദ് ആദ്യമായി കേൾക്കുന്നതിന് ഡോക്ടർ വഴിയൊരുക്കി. ഇതിന് സാക്ഷിയാകാൻ മെഡിക്കൽ സംഘങ്ങളെല്ലാം ക്ലിനിക്കിൽ എത്തി.മുഹമ്മദിന്റെ പിന്നിൽ ചെന്ന് നിന്ന് എന്തെങ്കിലും പറയാനായിരുന്നു ഡോ. കിംലിൻ തസ്‌ലിയോട് പറഞ്ഞത്. തസ്‌ലിക്കത് അപൂർവ്വ നിമിഷമായിരുന്നു. “എന്ത് പറയുമെന്ന് ആദ്യം ആലോചിച്ചെങ്കിലും എന്റെ പേരുതന്നെയാകട്ടെ ആദ്യ ശബ്ദമെന്ന് കരുതി. ‘ബാനു’ എന്നാണ് പറഞ്ഞത്.” ആദ്യ ശബ്ദം കേട്ട മുഹമ്മദ്‌ അത് ആവർത്തിച്ചു, ബാനു…! അൻപത് വർഷത്തെ നിശബ്ദതയ്ക്ക് ശേഷം മുഹമ്മദ് കേൾവിയറിയുന്നതിലെ സന്തോഷക്കണ്ണീരിലായി ഇരുവരും. കയ്യടികളുമായി കൂടിനിന്നവരും.
മുഹമ്മദിനിപ്പോൾ ചെവിയുടെ ഇരുവശത്തു കൂടിയും കേൾക്കാൻ സാധിക്കുന്നുണ്ട്. ഇംപ്ലാന്റ് വിജയിച്ചെങ്കിലും കേൾവിയിലെ പുരോഗതി നീണ്ട പ്രക്രിയയാണെന്ന് ഡോ. സീമ പറയുന്നു.  ഡോക്ടർമാർ നൽകുന്ന ഓഡിറ്ററി പരിശീലന വ്യായാമങ്ങൾ പരിശീലിക്കുകയാണ് മുഹമ്മദ്. ഇത് തുടർ യാത്രയിൽ ഏറെ സഹായകരമാകും.കേൾവിയിലേക്കുള്ള യാത്രയിലുടനീളം ലഭിച്ച പിന്തുണക്ക് അല്ലാഹുവിനോടും മെഡിക്കൽ സംഘത്തോടും നന്ദി പറയുകയാണ് തസ്‌ലിയും മുഹമ്മദും. ഒപ്പം കേൾവി പ്രശ്നങ്ങളുള്ളവരോട് ഒരു ഓർമ്മപ്പെടുത്തലും. “വെല്ലുവിളികൾ ഏറെയുണ്ടാകാം. എങ്കിലും വൈകിപ്പിക്കാതെ മെഡിക്കൽ സഹായം തേടാൻ ശ്രമിക്കുക. ചിലപ്പോൾ, ജീവിതം തന്നെ മാറ്റിമറിക്കുന്ന അത്ഭുതങ്ങൾക്ക് അത് കാരണമാകാം!“
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment