മലയാളം മിഷൻ അബുദാബി; ആറാമത് പഠനോത്സവം ഞായറാഴ്ച
അബുദാബി: മലയാളം മിഷൻ അബുദാബി ചാപ്റ്ററിന് കീഴിൽ ആറാമത് പഠനോത്സവം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ അബുദാബിയുടെ വിവിധ കേന്ദ്രങ്ങളിലായി നടത്തപ്പെടുന്നു.മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട പഠനോത്സവം വെർച്വലായി ഉദ്ഘാടനം ചെയ്യും. രജിസ്ട്രാർ വിനോദ് വൈശാഖി, ഭാഷാധ്യാപകൻ ടി. സതീഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും.കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ എന്നീ പാഠ്യപദ്ധതികളുടെ പഠനോത്സവമാണ് നടക്കുന്നത്. യുഎഇയിൽ ആദ്യമായാണ് ആമ്പൽ പഠനോത്സവം നടക്കുന്നത്.
കണിക്കൊന്നയിൽ നിന്ന് 119 വിദ്യാർത്ഥികളും, സൂര്യകാന്തിയിൽ നിന്ന് 78 വിദ്യാർത്ഥികളും, ആമ്പലിൽ നിന്ന് 36 വിദ്യാര്ഥികളുമാണ് പഠനോത്സവത്തിൽ പങ്കെടുക്കുക. ‘എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം’ എന്ന സന്ദേശവുമായി സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിച്ചുവരുന്ന മലയാളം മിഷൻ അബുദാബി ചാപ്റ്ററിന് കീഴിൽ ഇന്ന് ആറ് മേഖലകളിലായി 86 കേന്ദ്രങ്ങളിൽ രണ്ടായിരത്തോളം വിദ്യാർത്ഥികൾ 99 അധ്യാപകരുടെ കീഴിൽ മാതൃഭാഷയുടെ മാധുര്യം സൗജന്യമായി നുകർന്നുവരുന്നു. കേരള സോഷ്യൽ സെന്റർ, അബുദാബി സിറ്റി എന്നീ മേഖലകളിലെ പഠനോത്സവം കേരള സോഷ്യൽ സെന്ററിലും, അബുദാബി മലയാളി സമാജം, ഷാബിയ എന്നീ മേഖലകളിലെ പഠനോത്സവം മലയാളി സമാജത്തിലും, ബദാസായിദ് മേഖലയിലെ പഠനോത്സവം ആസ്പിറ ഇൻസ്‌റ്റിറ്റ്യൂട്ടിലും, അൽ ദഫ്‌റ മേഖലയിലെ പഠനോത്സവം റുവൈസിലുമാണ് നടക്കുകയെന്ന് മലയാളം മിഷൻ അബുദാബി ചാപ്റ്റർ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി അറിയിച്ചു.