ലിറ്റററി, ലൈബ്രറി കമ്മിറ്റികൾ ഉദ്ഘാടനം ചെയ്തു
ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ കീഴിലുള്ള പുതിയ ലിറ്റററി, ലൈബ്രറി കമ്മിറ്റികളുടെ പ്രവർത്തനോദ്ഘാടനം സാംസ്കാരിക പ്രവർത്തകൻ മൈത്രേയൻ നിർവഹിച്ചു. അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി യു.എ.ഇയിലെ അറബ് സാഹിത്യ സാംസ്കാരിക പ്രവർത്തക ഡോ. മറിയം അൽ ശിനാസി, അസോസിയേഷൻ ട്രഷറർ ഷാജി ജോൺ, സബ് കമ്മിറ്റി കോഓഡിനേറ്റർമാരായ യൂസഫ് സഗീർ, എ.വി. മധു എന്നിവർ ആശംസ നേർന്നു. ലിറ്റററി കൺവീനർ പി. മോഹനൻ ആമുഖ പ്രഭാഷണം നടത്തി. ജോ. ജനറൽ സെക്രട്ടറി ജിബി ബേബി സ്വാഗതവും ലൈബ്രറി കമ്മിറ്റി കൺവീനർ എം.എം. അഫ്സൽ നന്ദിയും പറഞ്ഞു. മൈത്രേയനുമായി മുഖാമുഖവും കവി അനൂപ് ചന്ദ്രന്റെ പോയത്യൂസ് (കവിതയുടെ വെളിച്ചം) എന്ന പരിപാടിയും അരങ്ങേറി.