ലഹരി കേസിൽ പ്രയാഗയുടെ മൊഴി തൃപ്തികരം; ശ്രീനാഥ് ഭാസിയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിച്ചേക്കും
കൊച്ചി: ലഹരി കേസിൽ സിനിമ താരം പ്രയാഗ മാർട്ടിന്റെ മൊഴി തൃപ്തികരമെന്ന് പൊലീസ്. നക്ഷത്രഹോട്ടലിൽ പോയത് സുഹൃത്തുക്കളുടെ നിർബന്ധപ്രകാരമാണെന്നും അവിടെ ലഹരി പാർട്ടി നടന്നത് അറിഞ്ഞിരുന്നില്ലെന്നും പ്രയാഗ പറഞ്ഞിരുന്നു. ഈ മൊഴി തൃപ്തികരമാണെന്നാണ് പൊലീസ് നിലപാട്.
ഓം പ്രകാശിനെ തനിക്ക് അറിയില്ലെന്നും വാര്‍ത്ത വന്നശേഷം ഗൂഗിള്‍ ചെയ്താണ് ആളെ മനസ്സിലാക്കിയതെന്നും നടി പ്രയാഗ മാർട്ടിൻ പറഞ്ഞിരുന്നു. കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് പ്രതിയായ ലഹരി കേസുമായി ബന്ധപ്പെട്ട് പൊലീസിന്‍റെ ചോദ്യം ചെയ്യലിനു ശേഷം പ്രതികരിക്കുകയായിരുന്നു പ്രയാഗ.
സുഹൃത്തിനെ കാണാനാണ് ഹോട്ടലില്‍ ചെന്നത്. ലഹരിപ്പാര്‍ട്ടി നടക്കുന്നത് അറിയില്ലായിരുന്നു. പലരെയും കാണുന്നതും പല സ്ഥലങ്ങളില്‍ പോകുന്നതും സാമൂഹിക ജീവിതത്തിന്‍റെ ഭാഗമാണ്. അവിടെ ക്രിമിനലുകളുണ്ടോ, അവരുടെ പശ്ചാത്തലം, തുടങ്ങിയവയൊന്നും നോക്കിയല്ല പോകുന്നത്.
താന്‍ പോയ സ്ഥലത്ത് ഇങ്ങനെ ഒരാള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇങ്ങനെ ഒരാളെ കണ്ടതായി ഓര്‍മയില്ല. ചില ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടത് പൊലീസിനോട് മാത്രമാണെന്നും പ്രയാഗ കൂട്ടിച്ചേർത്തു
അതേസമയം, ശ്രീനാഥ് ഭാസിയുടെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ പരിശോധനകൾ ഉണ്ടായേക്കും. കേസിൽ ഉൾപ്പെട്ട ബിനു ജോസഫിന്റേയും ശ്രീനാഥ് ഭാസിയുടേയും സാമ്പത്തിക ഇടപാടുകളിൽ സംശയം തോന്നിയാണ് പൊലീസ് കൂടുതൽ പരിശോധനക്ക് ഒരുങ്ങുന്നത്.
ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ സിനിമ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവരെ പൊലീസ് ചോദ്യംചെയ്തിരുന്നു. നോട്ടീസ് നൽകിയതിന്‍റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച എറണാകുളം മരട് സ്റ്റേഷനിൽ ഹാജരായ ശ്രീനാഥിന്‍റെ ചോദ്യംചെയ്യൽ അഞ്ചു മണിക്കൂറോളം നീണ്ടു. ശ്രീനാഥ് പുറത്തിറങ്ങിയ ഉടൻ തേവരയിലെ അസി. കമീഷണറുടെ ഓഫിസിൽ പ്രയാഗ മാർട്ടിന്‍റെ ചോദ്യം ചെയ്തു.