പ്രിയങ്ക എത്തി … തിരഞ്ഞെടുപ്പ് ആവേശത്തിൽ വയനാട്ടിൽ റോഡ് ഷോ
കൽപറ്റ: അനേകായിരങ്ങളുടെ ആവേശത്തള്ളിച്ചക്ക് നടുവിലേക്ക് പ്രിയങ്കരിയായി അവരെത്തി. വയനാടൻ ജനതയുടെ പ്രതിനിധിയാകാനുള്ള പോർക്കളത്തിൽ പ്രിയങ്ക ഗാന്ധി വീരോചിതം അങ്കം കുറിച്ചു. വയനാട് ലോക്സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ച ശേഷം കൽപറ്റ നഗരത്തെ പ്രകമ്പനം കൊള്ളിച്ച റോഡ് ഷോയിലൂടെ ആവേശപ്രചാരണങ്ങൾക്ക് ഉത്സവഛായയിൽ തുടക്കമായി. ഗാന്ധികുടുംബത്തിലെ ഇളമുറക്കാരിയുടെ തെരഞ്ഞെടുപ്പ് ഗോദയിലെ അരങ്ങേറ്റത്തിനുള്ള കാലങ്ങളായുള്ള കാത്തിരിപ്പിന് അതോടൊപ്പം അവസാനവുമായി.
11 മണിക്ക് നിശ്ചയിച്ച റോഡ് ഷോക്ക് തുടക്കമായത് ഒരുമണിക്കൂർ വൈകിയാണ്. ചൊവ്വാഴ്ച രാത്രി സുൽത്താൻ ബത്തേരിയിലെ സ്വകാര്യ റിസോർട്ടിൽ താമസിച്ച പ്രിയങ്ക ഗാന്ധി റോഡ് മാർഗമാണ് ബുധനാഴ്ച രാവിലെ കൽപറ്റയിലേക്ക് തിരിച്ചത്. സുൽത്താൻ ബത്തേരി സെന്‍റ് മേരീസ് കോളജ് മൈതാനത്ത് ബുധനാഴ്ച രാവിലെ ഹെലികോപ്റ്റർ ഇറങ്ങിയ പ്രതിപക്ഷ നേതാവും സഹോദരനുമായ രാഹുൽ ഗാന്ധിയും എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഒപ്പമുണ്ടായിരുന്നു.