അനധികൃത കച്ചവടക്കാരിൽനിന്ന് സാധനങ്ങൾ വാങ്ങരുത്.
ഷാർജ : തെരുവോരങ്ങളിലെ അനധികൃത കച്ചവടക്കാരിൽനിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് ഷാർജ മുനിസിപ്പാലിറ്റി അധികൃതരുടെ മുന്നറിയിപ്പ്.ഇങ്ങനെ കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന ഉത്പന്നങ്ങൾ സുരക്ഷിതമല്ലെന്നും പൊതുജനാരോഗ്യത്തിന് ദോഷംചെയ്യുമെന്നും അധികൃതർ പറഞ്ഞു. ഉത്പന്നങ്ങൾ പലപ്പോഴും വ്യാജമോ അല്ലെങ്കിൽ കാലാവധികഴിഞ്ഞതോ ആവാം.പൊതുജനങ്ങളുടെ ആരോഗ്യസുരക്ഷ കണക്കിലെടുത്ത് അനധികൃതകച്ചവടക്കാരെ കണ്ടെത്താൻ പരിശോധനകൾ ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞവർഷം മുതൽ ഈ വർഷം ജൂൺവരെയായി 4000-ത്തിലേറെ പരിശോധനകൾനടത്തി. 620 നിയമലംഘനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വ്യാജ ഉത്പന്നങ്ങൾ വിൽക്കാൻശ്രമിച്ചതിന് ഒട്ടേറെപേർക്കെതിരേ നിയമനടപടികൾ എടുത്തിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ലിപ്സ്റ്റിക്ക്, ഷാംപൂ എന്നിവയുൾപ്പെടെ 6,50,000-ത്തിലേറെ വ്യാജ സൗന്ദര്യവർധകവസ്തുക്കളുമായി മൂന്ന് അറബ് വംശജരെ ഓഗസ്റ്റിൽ റാസൽഖൈമയിൽ പിടികൂടിയിരുന്നു. 2.3 കോടി ദിർഹത്തിന്റെ വ്യാജ ഉത്പന്നങ്ങളാണ് ഇവരുടെ ഗോഡൗണിൽനിന്ന് പിടിച്ചെടുത്തത്.