അബുദാബിയിൽ 27 പാർക്കുകളിലായി ബാർബിക്യു ചെയ്യാൻ 253 സ്ഥലങ്ങൾ
അബുദാബി : എമിറേറ്റിലെ 27 പാർക്കുകളിലെ 253 സ്ഥലങ്ങളിൽ ബാർബിക്യു ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് അബുദാബി മുനിസിപ്പാലിറ്റി അധികൃതർഅറിയിച്ചു. അനുമതിയുള്ള പാർക്കുകളിൽ മാത്രമേ ബാർബിക്യു ചെയ്യാൻപാടുള്ളൂ. അബുദാബി ദ്വീപിൽ 15 പാർക്കുകളിലും ഖലീഫ സിറ്റിയിൽ 12 പാർക്കുകളിലും ബാർബിക്യുവിന് അനുമതിയുണ്ട്. പാർക്കുകളിൽ ഒട്ടേറെ കോൺക്രീറ്റ് ബാർബിക്യു സംവിധാനങ്ങൾ മുനിസിപ്പാലിറ്റി സ്ഥാപിച്ചിട്ടുണ്ട്. പൂന്തോട്ടങ്ങൾക്കും മറ്റ് ഹരിതയിടങ്ങൾക്കും ദോഷം വരുത്താതിരിക്കാൻ ബാർബിക്യുവിനുശേഷം മാലിന്യങ്ങളും കരിക്കട്ടകളും നീക്കംചെയ്യണം. മാലിന്യമിടാൻ പ്രത്യേകസൗകര്യങ്ങളും മുനിസിപ്പാലിറ്റി ഒരുക്കിയിട്ടുണ്ട്.സന്ദർശകർക്ക് മികച്ചസൗകര്യങ്ങളും സേവനങ്ങളും നൽകുന്നതിനാണ് ബാർബിക്യു ചെയ്യാനുള്ള സ്ഥലങ്ങളുടെ എണ്ണവും വർധിപ്പിച്ചത്. പൊതുസുരക്ഷയും ശുചിത്വവും ഉറപ്പാക്കുന്നതിന് നിയുക്തപ്രദേശങ്ങളിൽ മാത്രം ബാർബിക്യു ചെയ്യണമെന്ന് കർശനനിർദേശമുണ്ട്. നിയമലംഘനങ്ങൾക്ക് കടുത്തപിഴ ലഭിക്കും. ബോധവത്കരണത്തിനായി പ്രത്യേകസുരക്ഷാ കാമ്പയിനും അബുദാബി മുനിസിപ്പാലിറ്റി ആരംഭിച്ചു. ‘ബാർബിക്യു ആസ്വദിക്കൂ, പ്രദേശം സംരക്ഷിക്കൂ’ എന്ന പ്രമേയത്തിലാണ് കാമ്പയിൻ. എല്ലാ പാർക്കുകളിലും വിനോദമേഖലകളിലുമെത്തി അധികൃതർ പൊതുജന അവബോധംവർധിപ്പിക്കും. ശൈത്യകാലത്ത് വിവിധ വിനോദപ്രവർത്തനങ്ങൾക്കായും വൈകുന്നേരങ്ങൾ ആസ്വദിക്കാനായും ഒട്ടേറെപ്പേരാണ് പാർക്കുകളിൽ എത്തുന്നത്.
ബാർബിക്യൂ സൗകര്യമുള്ള പാർക്കുകൾ
അബുദാബി ദ്വീപിലെ ഒഫീഷ്യൽ ഗാർഡൻ, ഓൾഡ് എയർപോർട്ട് ഗാർഡൻ, ഫാമിലിപാർക്ക് 1, 2, ഹെറിറ്റേജ് പാർക്ക്, ഹെറിറ്റേജ് പാർക്ക് 4, 5, അൽ സഫറാന ഗാർഡൻ, ഡോൾഫിൻ ഗാർഡൻ, അൽ നഹ്ദ പാർക്ക്, അറേബ്യൻ ഗൾഫ് പാർക്ക് 1,2, അൽ ബ്രൂം ഗാർഡൻ, അൽ മസൂൺ ഗാർഡൻ, അൽ നൗഫൽ ഗാർഡൻ. ഖലീഫാ സിറ്റിയിൽ അൽ ജൗരി ഗാർഡൻ, അൽ ഫാൻ പാർക്ക്, അൽ അർജ്വാൻ പാർക്ക്, അൽ ഖാദി പാർക്ക്, ബൈറാഖ്, ബുർജീൽ ഗാർഡൻ, അൽ ഷംഖ സ്ക്വയർ, അൽ ഫനൗസ് പാർക്ക് (ഷംഖ സിറ്റി), റബ്ദാൻ പാർക്ക്, അൽ റഹ്ബ സ്ക്വയർ, അൽ വത്ബ പാർക്ക്, അൽ സാൽമിയ പാർക്ക്.