ഊർജ മേഖലക്കായി 8 കോടി രൂപയുടെ ആരോഗ്യ ക്ഷേമ അവാർഡ് സംയുക്തമായി പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്സും, ആർപിഎമ്മും
അബുദാബി: ഊർജ മേഖലയിൽ ആരോഗ്യ ക്ഷേമം ഉറപ്പാക്കുന്നവർക്കായി 8 കോടി രൂപയുടെ (1 മില്യൺ ഡോളർ) അവാർഡ് പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്സും ആർപിഎമ്മും. ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിന്റെ നേതൃത്വത്തിൽ അബുദാബി ഇന്റർനാഷണൽ പെട്രോളിയം എക്‌സിബിഷൻ & കോണ്ഫറൻസിലാണ് സുപ്രധാന പ്രഖ്യാപനം. ഊർജ മേഖലയിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ‘ഹ്യൂമൻ എനർജി ഹെൽത്ത് ആൻഡ് വെൽബീയിംഗ് അവാർഡ്’ മേഖലയിലെ ആരോഗ്യ, ക്ഷേമ പദ്ധതികൾക്കായി നൂതന ആശയങ്ങൾ അവതരിപ്പിക്കുന്നവർക്കായുള്ളതാ ണ്.
മെനയിലെ പ്രമുഖ സൂപ്പർ സ്പെഷ്യലിറ്റി ആരോഗ്യസേവന ദാതാവായ ബുർജിലും ഓൺസൈറ്റ് ആരോഗ്യസേവന ദാതാവായ ആർപിഎമ്മും സംയുക്തമായി പ്രഖ്യാപിച്ച അവാർഡിന് രണ്ടു വിഭാഗങ്ങളാണുള്ളത്. കാര്യക്ഷമമായ ആരോഗ്യ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനായി ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കായുള്ള ‘$1 മില്യൺ വെൽബീയിംഗ് ഇൻവെസ്റ്റ്മെന്റ്‘ ആണ് ഒന്നാമത്തേത്. തൊഴിലാളികളുടെ ക്ഷേമത്തിനായി നവീന ആശയങ്ങൾ നടപ്പിലാക്കുന്ന വലിയ കമ്പനികൾക്കായുള്ള ‘എക്സെല്ലൻസ് റെക്കഗ്നിഷൻ’ അവാർഡാണ് മറ്റൊന്ന്. എഐ അടക്കമുള്ള സാങ്കേതിക വിദ്യകളുടെ സഹായത്തോടെ തൊഴിലാളികളുടെ മാനസിക, ശാരീരിക ആരോഗ്യം സംരക്ഷിക്കുന്ന സംരംഭങ്ങൾക്കാണ് മുൻഗണന.ആരോഗ്യകരമായ ജോലി സാഹചര്യം, നൂതന രീതികൾ, അളക്കാനാകുന്ന സ്വാധീനം എന്നീ മൂന്ന് പ്രധാന മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും പ്രോജക്ടുകൾ വിലയിരുത്തുന്നത്. അന്താരാഷ്ട്ര വിദഗ്ധർ അടങ്ങുന്ന ജൂറിയാണ് വിജയികളെ നിർണ്ണയിക്കുക. പ്രഥമ പുരസ്കാരത്തിലെ വിജയികളെ 2025 ഒക്ടോബറിൽ നടക്കുന്ന അഡിപെക് മേളയിൽ വെച്ച് പ്രഖ്യാപിക്കും.
“ലോകത്തിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞതും കർക്കശവുമായ തൊഴിൽ മേഖലയിലെ നിരവധി ആരോഗ്യ വെല്ലുവിളികളെ നൂതന ആശയങ്ങളിലൂടെ അഭിസംബോധന ചെയ്യുകയാണ് ലക്‌ഷ്യം. ഇതിലൂടെ ലോകമെമ്പാടുമുള്ള ഊർജ മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യത്തിൽ ഫലപ്രദമായ മാറ്റം കൊണ്ട് വരാനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ഡോ. ഷംഷീർ വയലിൽ പറഞ്ഞു.യുഎഇ യുടെ ദേശീയ ക്ഷേമ, വികസന നയങ്ങളോട് ചേർന്ന് നിൽക്കുന്നതാണ് ഈ അവാർഡ്. അപേക്ഷിക്കേണ്ട തീയതി, ജൂറി, തുടങ്ങിയ മറ്റു വിവരങ്ങൾ പിന്നീട് ലഭ്യമാക്കും. പുരസ്കാരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://hewaward.com/ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം.