കോഴിക്കോടന്‍ ഫെസ്റ്റിന് നാളെ അബുദാബിയിൽ തുടക്കമാകും:മലബാറിന്റെ സംസ്‌കാരവും തനിമയും രുചി വൈവിധ്യങ്ങളും ഒരുക്കും.
അബുദബി : കെ എം സി സി കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പുന്ന കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2, 2025 ജനുവരി 4, 5 ശനി, ഞായർ ദിവസങ്ങളിൽ ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിൽ ഇരുന്നൂറോളം കലാകാരൻമാർ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന പരിപാടി രാത്രി പതിനൊന്നിന് അവസാനിക്കും. കോഴിക്കോടിൻറെ മഹിമ വിളിച്ചോതുന്ന ഫെസ്റ്റിൽ ഒപ്പന, കോൽക്കളി തുടങ്ങി മലബാറിന്റെ തനിമയുള്ള, കലാപരിപാടികൾ, റോയൽ ബാൻഡ് അവതരിപ്പിക്കുന്ന ഗാനമേള, കേരള കലാരൂപങ്ങൾ എന്നിവക്ക് പുറമെ കൊതിയൂറുന്ന കോഴിക്കോടൻ വിഭവങ്ങളുടെ മുപ്പതോളം സ്റ്റാളുകളും ഉണ്ടാകും. ഒന്നാം ദിവസം വൈകുന്നേരം 4 മണിക്ക് ഹെന്ന കോമ്പറ്റീഷൻ മത്സരം അരങ്ങേറും. കൂടാതെ രാത്രി ഏഴിന് ഓണമ്പള്ളി മുഹമ്മദ് ഫൈസി, ഫാദർ ഗീ വർഗീസ്, അഭിലാഷ് ഗോപി കുട്ടൻപിള്ള എന്നിവർ പങ്കെടുക്കുന്ന മത സൗഹാർദ്ദ സദസ് നടക്കും. കോഴിക്കോടിന്റെ ചരിത്രവും പൈതൃകവും വിവരിക്കുന്ന ഡോക്യൂമെന്ററി ഫെസ്റ്റിൽ പ്രദർശിപ്പിക്കും. പ്രവാസികൾക്ക് നാടോർമ്മകൾ സമ്മാനിക്കുന്ന നയന ശ്രവ്യ മധുരമായ കാഴ്ചകൾക്കപ്പുറം ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് പ്രാധാന്യം നൽകി സംഘടിപ്പിക്കുന്ന ഫെസ്റ്റ് വീടില്ലാതെ കഷ്ടപ്പെടുന്ന കോഴിക്കോട് ജില്ലയിലെ തിരഞ്ഞെടുത്ത മുൻ പ്രവാസികൾക്ക് വീട് നിർമിച്ചു നൽകും. പരിപാടിയുടെ ഭാഗമായി നടക്കുന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായി കാർ നൽകും.

പതിമൂന്നോളം മണ്ഡലം കമ്മറ്റികളും മുപ്പത്തി ആറ് പഞ്ചായത്ത് മുനിസിപ്പൽ കമ്മറ്റികളുമുള്ള കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ജീവകാരുണ്യ പ്രവർത്തങ്ങളുടെ ഭാഗമായി ബൈത്തു റഹ്‌മ , കോഴിക്കോട് മെഡിക്കൽ കോളേജിൽ ഓപ്പൺ ഹാർട്ട് തിയേറ്റർ, സി എച് സെന്ററുമാറിയ സഹകരിച്ചു നടത്തുന്ന ഓട്ടിസം തെറാപ്പി സെന്റർ തുടങ്ങിയ പ്രധാനമാണ്. ഫെസ്റ്റിന്റെ ഭാഗമായി വനിതകൾക്ക് നടത്തിയ പാചക മത്സരത്തിൽ നിരവധി വനിതകൾ പങ്കെടുത്തതായി സംഘാടകർ അറിയിച്ചു. കെ എം സി സി നേതാവ് യു അബ്ദുല്ല ഫാറൂഖി, ജില്ലാ പ്രസിഡന്റ് ജാഫർ തങ്ങൾ സി എച്, അഷ്‌റഫ് നജാത്, മജീദ് അത്തോളി, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അബ്ദുൽ ബാസിത് കായക്കണ്ടി, ബഷീർ കപ്ലിക്കണ്ടി, നൗഷാദ് കൊയിലാണ്ടി, അഹല്യ ഗ്രൂപ്പ് സീനിയർ മാനേജർ സൂരജ് പ്രഭാകർ, ഷഹീർ ഫാറൂഖി, ഷറഫുദീൻ കടമേരി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.