ഐ.എസ്.സി അപെക്സ് യു.എ.ഇ ബാഡ്മിന്റണ്‍ ജൂനിയര്‍ എലൈറ്റ് ടൂര്‍ 2025ന് സമാപനം
അബുദാബി: 47മാത് ഐ.എസ്.സി അപെക്സ് യു.എ.ഇ ബാഡ്മിന്റണ്‍ ജൂനിയര്‍ എലൈറ്റ് ടൂര്‍ 2025ന് സമാപനം. റിയാന്‍ മല്‍ഹാന്‍ (ദുബൈ) ഇരട്ട കിരീടം നേടി. ബോയ്സ് സിംഗിള്‍സ്(അണ്ടര്‍ 19, അണ്ടര്‍ 17) ഫൈനലുകളില്‍ ആദം ജെസ്ലിനെയാണ് (ദുബൈ) പരാജയപ്പെടുത്തിയത്.ബോയ്സ് സിംഗിള്‍സ് അണ്ടര്‍ 19 ഫൈനലില്‍ റിയാന്‍ മല്‍ഹാന്‍ വാശിയേറിയ മൂന്നുസെറ്റുകളില്‍ ആദം ജെസ്ലിനെ പരാജയപ്പെടുത്തി. ഫൈനല്‍ ദിവസം നേരത്തേ നടന്ന ബോയ്സ് സിംഗിള്‍സ് അണ്ടര്‍ 17 ഫൈനലില്‍ റിയാന്‍ മല്‍ഹാന്‍ ആദം ജെസ്ലിനെതിരെ തുടര്‍ച്ചയായ രണ്ട് സെറ്റുകളില്‍ വിജയിച്ചു.

അതേസമയം, ഗേള്‍സ് സിംഗിള്‍സ് അണ്ടര്‍ 19, അണ്ടര്‍ 17 വിഭാഗങ്ങളില്‍ പ്രാപ്തി കുമാര്‍ ദുബൈ വിജയിയായി. ദുബൈക്കാരായ ടോപ് സീഡഡ് സഈം മുനവര്‍, നിസാര്‍ തുംഗ സഖ്യം ബോയ്സ് ഡബ്ള്‍സില്‍ (അണ്ടര്‍ 19) ചാമ്പ്യന്മാരായി. ഗേള്‍സ് ഡബ്ള്‍സില്‍ (അണ്ടര്‍ 19) മൈഷ ഒമര്‍ഖാന്‍, അമിയ സച്ദേവ സഖ്യം കപ്പടിച്ചു. ഫൈനല്‍ ദിവസത്തിലെ മറ്റൊരു ശ്രദ്ധേയ മത്സരത്തില്‍, അബൂദബിയിലെ സമിത സനാവുല്ല, സാന്‍വി ജയകൃഷ്ണനെ പരാജയപ്പെടുത്തി അണ്ടര്‍ 13 വിഭാഗത്തില്‍ ഗേള്‍സ് ചാമ്പ്യനായി.

475 എന്‍ട്രികളോടെ 19 ഇനങ്ങളില്‍ 319 ജൂനിയര്‍ കളിക്കാര്‍ ടൂര്‍ണമെന്റില്‍ മത്സരിച്ചു. യു.എ.ഇയുടെ വളര്‍ന്നു വരുന്ന ബാഡ്മിന്റണ്‍ താരങ്ങള്‍ക്ക് വേദി ഒരുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നതായി ഐ.എസ്.സി സ്പോര്‍ട്സ് സെക്രട്ടറിയും ടൂര്‍ണമെന്റ് മാനേജരുമായ രാകേഷ് രാമകൃഷ്ണന് പറഞ്ഞു.ജൂനിയര്‍ ഇവന്റിന്റെ സമ്മാനവിതരണം സീനിയര്‍ ഇവന്റിന്റെ സമ്മാനവിതരത്തോടൊപ്പം ഫെബ്രുവരി 23ന് നടക്കും. സീനിയര്‍ മത്സരങ്ങള്‍ 23ന് എലൈറ്റ് ഫൈനല്‍ മത്സരങ്ങളോടെ സമാപിക്കും.