PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIരക്താർബുദത്തിനുള്ള നിർണ്ണായക ചികിത്സയ്ക്കുള്ള ചിലവ് 90% വരെ കുറയ്ക്കാനുള്ള പ്രഖ്യാപനവുമായി ബുർജീൽ ഹോൾഡിങ്സ് 

രക്താർബുദത്തിനുള്ള നിർണ്ണായക ചികിത്സയ്ക്കുള്ള ചിലവ് 90% വരെ കുറയ്ക്കാനുള്ള പ്രഖ്യാപനവുമായി ബുർജീൽ ഹോൾഡിങ്സ് 

രക്താർബുദത്തിനുള്ള നിർണ്ണായക ചികിത്സയ്ക്കുള്ള ചിലവ് 90% വരെ കുറയ്ക്കാനുള്ള പ്രഖ്യാപനവുമായി ബുർജീൽ ഹോൾഡിങ്സ് 

അബുദാബി: രക്താർബുദ ചികിത്സയിലെ നാഴികക്കല്ലായ കാർ-ടി സെൽ തെറാപ്പിക്കുള്ള ഭാരിച്ച ചെലവ്  ഗണ്യമായി കുറയ്ക്കുന്നതിനുള്ള സുപ്രധാന പദ്ധതിയുമായി ബുർജീൽ ഹോൾഡിങ്‌സ്. അബുദാബി ഗ്ലോബൽ ഹെൽത്ത് വീക്കിന്റെ ആദ്യ ദിനം പ്രഖ്യാപിച്ച പദ്ധതി അമേരിക്കൻ സന്നദ്ധ സ്ഥാപനമായ കെയറിങ് ക്രോസുമായി ചേർന്നാണ് നടപ്പാക്കുന്നത്. പങ്കാളിത്തത്തിന്റെ ഭാഗമായി കിമേറിക്  ആന്റിജന് റിസെപ്റ്റർ ടി- സെൽ  തെറാപ്പി ബുർജീൽ ഹോൾഡിങ്‌സ് പ്രാദേശികതലത്തിൽ നിർമിക്കും.  ശരീരത്തിലെ പ്രതിരോധ കോശങ്ങളായ ടി കോശങ്ങളിൽ ജനിതക മാറ്റങ്ങൾ വരുത്തി അർബുദത്തിനെതിരെ പോരാടാൻ സഹായിക്കുന്ന നൂതന അർബുദ ചികിത്സാ രീതിയായ കാർ-ടി സെൽ തെറാപ്പിക്ക് യുഎസിലും യൂറോപ്പിലും 350,000 മുതൽ 1 മില്യൺ യുഎസ് ഡോളറിലധികം വരെയാണ് ചിലവ്. ലുക്കീമിയ, ലിംഫോമ, തുടങ്ങിയ രക്താർബുദങ്ങളുടെ ചികിത്സയിൽ പ്രധാന പങ്ക് വഹിക്കുന്ന  തെറാപ്പി പൊതുവെ മറ്റു ചികിത്സാ മാർഗങ്ങൾ ഫലിക്കാതെ വരുമ്പോളാണ് നടത്തുന്നത്. എന്നാൽ, ഉയർന്ന ചികിത്സാ ചിലവ് കാരണം ആഗോളതലത്തിൽ ഇതിന്റെ ലഭ്യത പരിമിതമാണ്. ബുർജീൽ-കെയറിങ് ക്രോസ് പങ്കാളിത്തത്തിലൂടെ ചിലവ് 90 ശതമാനം വരെ കുറയ്ക്കാൻ സാധിക്കും.
പ്രാദേശികമായി കാർ-ടി സെൽ തെറാപ്പി വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ, അസംസ്കൃത വസ്തുക്കൾ, പ്രത്യേക പരിശീലന ക്ലാസുകൾ, ക്ലിനിക്കൽ ഡവലപ്മെന്റിന് ആവശ്യമായ ലെന്റിവൈറൽ വെക്റ്റർ എന്നിവ കെയറിങ് ക്രോസ് ലഭ്യമാക്കും. ആളുകൾക്ക് താങ്ങാവുന്ന നിരക്കിൽ ചികിത്സ നൽകുന്നതിലൂടെയും പ്രാദേശിക ലഭ്യത വർദ്ധിപ്പിക്കുന്നതിലൂടെയും,  ഇത്തരം അത്യാധുനിക ജീവൻരക്ഷാ പരിചരണത്തിന്റെ ലഭ്യതക്ക് പരിമിതികളുള്ള മേഖലകളിലെ രോഗികളിലേക്ക് ഇവ വേഗത്തിൽ എത്തിക്കാൻ സാധിക്കും.
പദ്ധതിയുടെ പ്രഖ്യാപനം ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ, ബുർജീൽ ഹെമറ്റോളജി, ഓങ്കോളജി ആൻഡ് സെല്ലുലാർ തെറാപ്പി സെന്റർ ഡയറക്ടർ ഡോ. അജ്ലാൻ സാക്കി, കെയറിങ് ക്രോസ് എക്സിക്യൂട്ടീവ് ഡയറക്ടർ ബോറോ ഡ്രോപ്പ്യുലിച്ച് എന്നിവർ ചേർന്ന് നിർവഹിച്ചു. “ആഗോള പങ്കാളിത്തങ്ങളിലൂടെ നൂതന ആരോഗ്യ സാങ്കേതികവിദ്യകൾ ജനാധിപത്യവൽക്കരിക്കാനാണ് ബുർജീൽ ശ്രമിക്കുന്നത്. ഈ നിർണായക പങ്കാളിത്തം മെഡിക്കൽ നവീകരണം ഉറപ്പ് വരുത്തുന്നതിലും അടിയന്തര ആരോഗ്യ സേവനങ്ങൾ വിപുലീകരിക്കുന്നതിലും പ്രധാന പങ്ക് വഹിക്കും,” ബുർജീൽ ഹോൾഡിങ്‌സ് ഗ്രൂപ്പ് സിഇഒ  ജോൺ സുനിൽ അഭിപ്രായപ്പെട്ടു.
ആഗോളതലത്തിൽ നൂതന ആരോഗ്യ സംരക്ഷണത്തിന്റെ വർദ്ധിച്ചുവരുന്ന ആവശ്യകത പരിഹരിക്കുന്നതിലും കാൻസർ ചികിത്സകളുടെ  ലഭ്യത വർദ്ധിപ്പിക്കുന്നതിലും ഈ പങ്കാളിത്തം പ്രധാന പങ്ക് വഹിക്കും,” ബുർജീൽ ഹെമറ്റോളജി, ഓങ്കോളജി ആൻഡ് സെല്ലുലാർ തെറാപ്പി സെന്റർ ഡയറക്ടർ ഡോ. അജ്ലാൻ സാക്കി പറഞ്ഞു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ലുക്കീമിയ, ലിംഫോമ തുടങ്ങിയ രക്താർബുദങ്ങൾക്കായുള്ള  കാർ-ടി സെൽ തെറാപ്പിയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഭാവിയിൽ എച്ച്ഐവി പോലുള്ള പോലുള്ള രോഗങ്ങൾക്കുള്ള ചികിത്സയും പരീക്ഷിക്കും. പ്രമേഹരോഗികൾക്ക് ബഹിരാകാശ യാത്ര സാധ്യമാക്കുന്നതിന്റെ സാധ്യതകളെ കുറിച്ച് പഠിക്കുന്നതിനായി അമേരിക്കൻ സ്പേസ് കമ്പനിയായ ആക്സിയം സ്പേസുമായി ചേർന്ന് ബുർജീൽ നടത്തുന്ന ഗവേഷണത്തിന്റെ വിശദാംശങ്ങളും മേളയുടെ ആദ്യ ദിനം പ്രദർശിപ്പിച്ചു. ആരോഗ്യ സംരക്ഷണം പുനർനിർവ്വചിക്കുന്ന ചർച്ചകൾ, നൂതന ആശയങ്ങൾ എന്നിവയ്ക്ക് വരും ദിവസങ്ങളിൽ ബുർജീൽ ബൂത്ത് വേദിയാകും. അബുദാബി  ഗ്ലോബൽ ഹെൽത്ത് വീക്കിന്റെ ഒഫിഷ്യൽ ഹെൽത്ത്കെയർ ട്രാൻസ്ഫോർമേഷൻ പാർട്ണറായ ബുർജീൽ നിർമിത ബുദ്ധി (എഐ), സങ്കീർണ പരിചരണം, പ്രിസിഷൻ ഡയഗ്നോസ്റ്റിക്സ്, അർബുദ പരിചരണം, സ്പേസ് മെഡിസിൻ തുടങ്ങിയ മേഖലകളിലെ സംഭാവനകളാണ് ബൂത്തിൽ പ്രദർശിപ്പിക്കുന്നത്.
Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment