ബഹുഭാഷാ പ്രാവീണ്യമുള്ള, മനുഷ്യ സമാനമായി പെരുമാറാൻ കഴിവുള്ള എഐ ഹെൽത്ത്കെയർ ഏജന്റുമാർ രംഗത്ത്
അബുദാബി: നിർമിത ബുദ്ധിയുടെ (എ ഐ) സഹായത്തോടെ രോഗികളുമായി ഇടപഴകാൻ കഴിവുള്ള എ ഐ ഹെൽത്ത്കെയർ ഏജന്റുമാരെ അബുദാബി ഗ്ലോബൽ ഹെൽത്ത് വീക്കിൽ അവതരിപ്പിച്ച് ബുർജീൽ ഹോൾഡിങ്സ്. ബഹുഭാഷാ പ്രാവീണ്യമുള്ള, രോഗികളോട് സഹാനുഭൂതിയോടെ പെരുമാറാൻ കഴിയുന്ന ഹെൽത്ത്കെയർ ഏജന്റുമാർ രോഗീപരിചരണ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ട് വരും. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിപ്പോക്രാറ്റിക് എഐ യുമായി ചേർന്നാണ് ബുർജീൽ ഈ ആശയം യുഎഇയിൽ നടപ്പിലാക്കുന്നത്. ബുർജീലിന്റെ ആപ്പ്, കോൾ സെന്റർ, വെബ്‌സൈറ്റ് എന്നിവയിലൂടെ എഐ ഹെൽത്ത്കെയർ ഏജന്റുമാർ രോഗികളുമായി ആശയവിനിമയം നടത്തും. രോഗികളോട് മനുഷ്യ സമാനമായ രീതിയിൽ, സുരക്ഷ ഉറപ്പു വരുത്തി സംഭാഷണത്തിലേർപ്പെടാൻ കഴിയും എന്നതാണ് ഈ ഏജന്റുമാരെ വ്യത്യസ്തരാക്കുന്നത്.
എമിറാത്തി അറബിക്, സ്പാനിഷ്, മാൻഡറിൻ എന്നിവ ഉൾപ്പടെ പതിനഞ്ചിലധികം ഭാഷകൾ കൈകാര്യം ചെയ്യാൻ എഐ ഏജന്റുമാർക്ക് സാധിക്കും. പ്രാദേശിക സംസ്കാരങ്ങൾക്കനുയോജ്യമായി സംസാരിക്കാൻ കഴിവുള്ള ഈ ഏജന്റുമാർ ബുർജീൽ നെറ്റ്‌വർക്കിലുടനീളം തത്സമയം അപ്പോയ്ന്റ്മെന്റ് ഷെഡ്യൂളിങ്, പേഷ്യന്റ് എജ്യുക്കേഷൻ, അപകടസാധ്യതകൾ വിലയിരുത്തൽ, തുടർ പരിശോധനകൾ തുടങ്ങിയ ജോലികൾ വേഗത്തിൽ നടത്തും. ഓങ്കോളജി, കാർഡിയോളജി, ന്യൂറോളജി, ഓർത്തോപീഡിക്സ് തുടങ്ങിയ പ്രധാന സ്പെഷ്യാലിറ്റികളിൽ ബുർജീൽ എഐ ഏജന്റുമാരെ വിന്യസിക്കും. ഇതിലൂടെ ക്ലിനിക്കൽ, അഡ്മിനിസ്ട്രേറ്റീവ് ജോലികൾ കൂടുതൽ എളുപ്പത്തിലാക്കാൻ സാധിക്കും.
“വരും കാലങ്ങളിൽ അത്യാധുനിക സാങ്കേതികവിദ്യയും വ്യക്തിഗത പരിചരണവും സമന്വയിപ്പിക്കുന്നതിലൂടെ ആരോഗ്യമേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ സാധിക്കും. ഹിപ്പോക്രാറ്റിക് എഐയുമായി ചേർന്ന് ഈ ആശയം നടപ്പിലാക്കുന്നതിലൂടെ ഞങ്ങളുടെ അടുത്ത എത്തുന്ന ഓരോ രോഗിക്കും ഏറ്റവും മികച്ച ആരോഗ്യ സേവനങ്ങൾ എത്രയും പെട്ടന്ന് നൽകാൻ സാധിക്കും,” ബുർജീൽ ഹോൾഡിംഗ്സിന്റെ ഗ്രൂപ്പ് സിഇഒ ജോൺ സുനിൽ പറഞ്ഞു. സുരക്ഷ കേന്ദ്രീകരിച്ചുള്ള എ ഐ മോഡലുകളെ വികസിപ്പിക്കുന്ന ഹിപ്പോക്രാറ്റിക് എ ഐയുമായുള്ള പങ്കാളിത്തത്തിലൂടെ സ്റ്റാഫിംഗ് വെല്ലുവിളികൾ ലഘൂകരിക്കാനും സാധിക്കും.