ഓട്ടിസം അവബോധനപരിപാടി വേറിട്ടൊരനുഭവമായി
അബുദാബി : ഓട്ടിസം അവബോധ മാസത്തോടനുബന്ധിച്ച്, സമൂഹത്തിന്റെ അവബോധം വളർത്തുന്നതിനും അത്ഭുതകരമായ പ്രതിഭകളുടെ പ്രകടനങ്ങൾ കാഴ്ചവെക്കുന്നതിനുമായി അബുദാബി കേരള സോഷ്യൽ സെന്ററും യൂണിക്കൽ ബ്രൈൻസും സംയുക്തമായി സംഘടിപ്പിച്ച ബോധവത്ക്കരണപരിപാടി വേറിട്ടൊരനുഭവമായി.ഇരുപതോളം ഭിന്നശേഷികാരായ കുട്ടികളുടെ വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ ഏവരുടെയും കണ്ണുതുറപ്പിക്കാനുതകുന്നതായിരുന്നു. കേരളം, തമിഴ്‌നാട്, ദൽഹി, ഗുജറാത്ത്, പഞ്ചാബ്, പാക്കിസ്ഥാൻ, ബംഗ്ളാദേശ് ഉൾപ്പെടെ മത ജാതി രാഷ്ട്ര ഭാഷ രാഷ്ട്രീയ ഭേദമന്യേ പരസ്പരം താങ്ങാവുന്ന മാതാപിതാക്കളും അവരുടെ കുട്ടികളും ചേർന്ന ഏറെ സമ്മോഹനമായൊരു സായാഹ്നമാക്കാൻ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കഴിഞ്ഞു. ദിവസത്തിൽ 24 മണിക്കൂറും ശ്രദ്ധയും സംരക്ഷണവും പരിലാളനയും പരിചരണയും കൊടുത്ത് ഈ കുട്ടികളെ വളർത്തിയെടുക്കുന്ന മാതാപിതാക്കളുടെ കരുത്തും ഊർജ്ജവും ക്ഷമയുമാണ് ഈ മക്കൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ തണലെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു. കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്ക് സർട്ടീഫിക്കറ്റുകളും മോമെന്റോകളും വിതരണം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കേരള സോഷ്യൽ സെന്റർ നിരന്തരം നൽകിവരുന്ന പരിഗണനയ്ക്ക് യൂണിക്കൽ ബ്രൈൻസ് സെന്ററിനെ ആദരിച്ചു. സെന്റർ പ്രസിഡന്റ് എ. കെ. ബീരാൻകുട്ടി, ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, വനിതാവിഭാഗം കൺവീനർ ഗീത ജയചന്ദ്രൻ, യൂണിക്കൽ ബ്രൈൻസ് ഡയറക്ടർ മാലിനി രാമകൃഷ്ണൻ, സെൻസോൺ ഡയറക്ടർ പാലക്ക് ത്രിവേദി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.