സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമിട്ട് അബുദാബി മാർത്തോമ ഇടവക ഗായക സംഘം
അബുദാബി: ദിവ്യ സംഗീതത്തിന്റെ അഞ്ച് ദശാംശങ്ങൾ പിന്നിടുന്ന അബുദാബി മാർത്തോമ ഇടവക ഗായക സംഘത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തിരി തെളിഞ്ഞു. മലങ്കര മാർത്തോമ സുറിയാനി സഭയുടെ പരമ അധ്യക്ഷൻ ഡോ. തിയോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഗായകസംഘത്തിന്റെ ഗാനാലാപനം ഒരു പ്രകടനം അല്ല പ്രത്യുത ഒരു പ്രാർത്ഥനയും ആരാധനയുടെ ഭാഗവുമാണ് . സംഗീതം ആത്മാവിന്റെ ഭാഷയാണ് സ്വർഗ്ഗത്തെയും ഭൂമിയെയും ബന്ധിപ്പിക്കുന്ന പാലമാണ് എന്നും മെത്രാപ്പോലീത്ത തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. റവ. ജിജോ സി ഡാനിയൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സഹവികാരി റവ. ബിജു എബ്രഹാം തോമസ്, ഇടവക വൈസ് പ്രസിഡന്റ് ഗീവർഗീസ് എന്നിവർ ആശംസ പ്രസംഗം നടത്തി. സുവർണ ജൂബിലി പ്രവർത്തകസമിതി ജനറൽ കൺവീനർ റിനോഷ് മാത്യു വർഗീസ് സുവർണ ജൂബിലി പദ്ധതികളുടെ സംക്ഷിപ്തരൂപം അവതരിപ്പിച്ചു. ക്വയർ മാസ്റ്റർ ഫിലിപ് കെ മാത്യു സ്വാഗതവും, പ്രോഗ്രാം കൺവീനർ നോയൽ ജി ഡാനിയൽ കൃതജ്ഞതയും പറഞ്ഞു. റവ. ചാക്കോ പി.ഷിജു ജോർജ് പ്രാരംഭ പ്രാർത്ഥനയും, ക്നാനായ ഇടവക വികാരി ഫാദർ സിജോ എബ്രഹാം സമാപന പ്രാർത്ഥനയും നടത്തി. ഇടവക ഗായക സംഘ അംഗം ബിജു ഫിലിപ്പ് രചന നിർവഹിച്ച് തോമസ് ജി. കൈതയിൽ സംഗീത സംവിധാനം ചെയ്ത ജൂബിലി സന്ദേശഗാനം ഗായകസംഘം ആലപിച്ചു.