PROMO NEWS TIME
MUSIC MOMENTS
EDU FOCUS
SHE TALENT
NEWS TIME
അബുദാബി ട്വൻറ്റി ഫോർ സെവൻ: അബുദാബിയിൽ നിന്നും പ്രവാസികൾക്കായുള്ള ശബ്‌ദം.
HomeABUDHABIപരീക്ഷാ ക്രമക്കേട്; ശിക്ഷ കടുപ്പിച്ച് യുഎഇ

പരീക്ഷാ ക്രമക്കേട്; ശിക്ഷ കടുപ്പിച്ച് യുഎഇ

പരീക്ഷാ ക്രമക്കേട്; ശിക്ഷ കടുപ്പിച്ച് യുഎഇ

അബുദാബി : യുഎഇയിൽ പരീക്ഷാ ക്രമക്കേടുകൾ നടത്തുന്നവർക്കെതിരെ കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പുതിയ മാർഗനിർദേശങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. ആദ്യ തവണ നിയമം ലംഘിക്കുന്നവർക്കും ആവർത്തിച്ചുള്ള ലംഘനങ്ങൾക്കും വ്യത്യസ്ത ശിക്ഷാ നടപടി നേരിടേണ്ടിവരും. പ്രാദേശിക, വിദേശ സിലബസ് സ്കൂളുകളിൽ വാർഷിക പരീക്ഷയും ഇന്ത്യൻ സിലബസ് സ്കൂളുകളിൽ പാദവർഷ പരീക്ഷയും നടക്കാനിരിക്കെയാണ് പുതിയ നിബന്ധന കൊണ്ടുവന്നത്.ക്രമക്കേടുകൾ കണ്ടെത്താനും മൂല്യനിർണയ പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പാക്കാനും നിരീക്ഷണം ശക്തമാക്കും. ആദ്യമായി നിയമലംഘനം നടത്തുന്ന ഒരു വിദ്യാർഥിക്ക് 12 മാർക്ക് കുറയ്ക്കും. നേരിട്ട് കോപ്പിയടിക്കുക, മറ്റുള്ളവരുടെ സഹായത്തോടെ കോപ്പിയടിക്കുക, പരീക്ഷാ പേപ്പറിൽ മനഃപൂർവം കൃത്രിമം കാണിക്കുക എന്നീ കുറ്റകൃത്യം നടത്തുന്നവർക്ക് ബന്ധപ്പെട്ട വിഷയത്തിൽ പൂജ്യം മാർക്കായിരിക്കും നൽകുക. ആ വിഷയത്തിൽ വീണ്ടും പരീക്ഷ എഴുതുന്നതിന് വിലക്കേർപ്പെടുത്തും. നിയമലംഘനങ്ങൾ ആവർത്തിക്കുന്ന വിദ്യാർഥിക്ക് 24 മാർക്ക് കുറയ്ക്കും. എല്ലാ വിഷയങ്ങൾക്കും പൂജ്യം മാർക്ക് രേഖപ്പെടുത്തും. കൂടാതെ പരീക്ഷ എഴുതുന്നതിൽ നിന്ന് സ്ഥിരമായി വിലക്കും. തീരുമാനം രക്ഷിതാവിനെ നേരിട്ട് അറിയിച്ച് ഒപ്പിട്ടുവാങ്ങും. കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് വിദ്യാർഥിയുടെ കേസ് ബിഹേവിയറൽ കറക്‌ഷൻ പ്രോഗ്രാമുകളിലേക്ക് റഫർ ചെയ്യും.

പരീക്ഷാ നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം മക്കൾക്ക് ബോധ്യപ്പെടുത്തുന്നതിനൊപ്പം ഭാവി അപകടത്തിലാക്കുന്ന കാര്യങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ ആവശ്യപ്പെടണമെന്നും മന്ത്രാലയം രക്ഷിതാക്കളോട് അഭ്യർഥിച്ചു. ചോദ്യപേപ്പർ ചോർച്ച തടയുന്നതിനും വിദ്യാർഥികളുടെ ഉത്തരങ്ങളിൽ അനധികൃത മാറ്റങ്ങൾ വരുത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും ഇലക്ട്രോണിക് പരീക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്.ക്രമക്കേടുകൾ കണ്ടെത്തിയാൽ അന്വേഷിച്ച് തെളിവ് സഹിതം ബന്ധപ്പെട്ട അധികാരികൾക്ക് ഉടൻ റിപ്പോർട്ട് ചെയ്യണം. ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കുന്ന ജീവനക്കാർക്ക് രേഖാമൂലമുള്ള മുന്നറിയിപ്പ് മുതൽ ജോലിയിൽനിന്ന് പുറത്താക്കുന്നതു വരെയും വിദ്യാർഥികൾക്ക് പരീക്ഷയിൽ നിന്ന് അയോഗ്യത കൽപ്പിക്കുന്നതു വരെയുമുള്ള ശിക്ഷകൾ ലഭിച്ചേക്കാം.

ബോർഡ് പരീക്ഷയ്ക്ക് ഹാജരാകുന്ന വിദ്യാർഥികൾക്ക് കർശന വ്യവസ്ഥകളാണ് ഏർപ്പെടുത്തിയത്. പരീക്ഷ തുടങ്ങുന്നതിന് മുൻപ് തിരിച്ചറിയൽ രേഖകളുമായി എത്തി വിദ്യാർഥികൾ റജിസ്ട്രേഷൻ പൂർത്തിയാക്കണം. മൊബൈൽ ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ പരീക്ഷാ ഹാളിലേക്ക് കൊണ്ടുവരുന്നത് നിരോധിച്ചു. നിശ്ചയ സമയം കഴിഞ്ഞ് എത്തുന്ന വിദ്യാർഥികളെ പ്രവേശിപ്പിക്കില്ല.

Share With:
Rate This Article
Author

news@abudhabi247.tv

No Comments

Leave A Comment