ലുലു ഹൈപ്പർ മാർക്കറ്റുകളിൽ “ഇന്ത്യ ഉത്സവ്’ ആരംഭിച്ചു
അബുദബി : യു എ ഇ യിൽ ഇന്ത്യയുടെ വൈവിധ്യപൂർണമായ സംസ്‌കാരവും പാരമ്പര്യവും രുചികളും പരിചയപ്പെടുത്തുന്നതിനായി ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ‘ഇന്ത്യ ഉത്സവി’ന് തുടക്കമായി. ഇന്ത്യയുടെ 74ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ലുലുവിന്റെ ശ്രമങ്ങളുടെ ഭാഗമായാണിത്. അബുദബി അൽ വഹ്ദ ലുലുവിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സൈഫി രൂപവാലയുടെ സാന്നിധ്യത്തിൽ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ ഉദ്ഘാടനം നിർവഹിച്ചു.

ഇന്ത്യയും യുഎഇയും തമ്മിലുള്ള ഊഷ്മള ബന്ധത്തെ വാണിജ്യം, പാചകരീതി, സംസ്കാരം എന്നിവയിലൂടെ ലുലു ഇന്ത്യ ഉത്സവ് മനോഹരമായി രൂപപ്പെടുത്തുന്നുവെന്ന് ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ പറഞ്ഞു. ഇന്ത്യയുടെ സംസ്‌കാരം, പാചകരീതികൾ, ജീവിതശൈലി, ഫാഷൻ, ഭക്ഷണ പാനീയങ്ങൾ തുടങ്ങിയവ അടുത്തറിയാനുള്ള മികച്ച അവസരമായി “ഇന്ത്യ ഉത്സവ്’ മാറും. പരിപാടിയുടെ ഭാഗമായി മികച്ച ഓഫറുകൾ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ആളുകൾക്ക് ഇന്ത്യൻ കരകൗശല വസ്തുക്കൾ, ഖാദി ഉത്പ്പന്നങ്ങൾ, പ്രാദേശിക പാചകരീതികൾ, ലഘുഭക്ഷണങ്ങൾ എന്നിവ പരിചയപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രത്യേക സ്റ്റാളുകളും സ്ഥാപിച്ചിട്ടുണ്ട്.

ഇന്ത്യയിൽ നിന്നുള്ള ഉത്പ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് ലുലു ഹൈപ്പർമാർക്കറ്റ് നടപ്പാക്കിയ ‘ഇന്ത്യ ഉത്സവ്’ ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഇന്ത്യൻ സ്ഥാനപതി പറഞ്ഞു. ഭക്ഷ്യ ഉത്പന്നങ്ങൾ, വസ്ത്രങ്ങൾ, ഗിഫ്റ്റ് സെറ്റുകൾ, പരമ്പരാഗത മധുരപലഹാരങ്ങൾ, അവശ്യവസ്തുക്കൾ തുടങ്ങിയവ സീസണിലുടനീളം ലഭ്യമാകും. ഉത്സവത്തിന്റെ ഭാഗമായി സാംസ്‌കാരിക പരിപാടികളും കലാപരിപാടികളും നടക്കും. ഈ വർഷം ആദ്യ പാദത്തിൽ ലുലുവിൽ നിന്നും സാധനം വാങ്ങുന്ന ഉപഭോക്താകൾക്ക് ലുലു വിൻ ഗോൾഡ് പ്രൊമോഷനിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കും. നൂറ് ദിർഹമിന്റെ സാധനം വാങ്ങുന്നവർക്കാണ് ഇലക്ട്രോണിക് റാഫിളിൽ പ്രവേശിക്കാൻ അവസരം ലഭിക്കുക. 60 ഭാഗ്യശാലികൾക്ക് 3 കിലോ സ്വർണമാണ് സമ്മാനം. പ്രൊമോഷൻ കാലയളവിൽ യു എ ഈ യിലെ ലുലു ഹൈപ്പർ മാർക്കറ്റ് സന്ദർശിക്കുന്ന അതിഥിയോടൊപ്പം നൃത്തം ചെയ്യാനുള്ള അവസരം ഉപഭോക്താക്കക്ക് ലഭിക്കും.