എൻ. ഐ ; അപരർക്കായി ജീവിതം സമർപ്പിച്ച സാമൂഹ്യപ്രവർത്തകൻ – പ്രവാസ സംഘടനകൾ
അബുദാബി: സ്വദേശത്തും പ്രവാസലോകത്തും നിരന്തരമായ സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ വ്യക്തിമുദ്ര ചാർത്തിയ പൊതുപ്രവർത്തകനായിരുന്നു ഞായറാഴ്ച നമ്മെ വിട്ടുപിരിഞ്ഞ എൻ ഐ മുഹമ്മദ് കുട്ടിയെന്ന് പ്രവാസ സംഘടനകൾ അഭിപ്രായപ്പെട്ടു.ചാലിശ്ശേരിയിലെ വിദ്യാഭ്യാസ, സാമൂഹ്യ, സാംസ്കാരിക മേഖലകളിൽ നേതൃത്വപരമായ പങ്ക് വഹിക്കവെ അബുദായിലെത്തിയ എൻ. ഐ. നാട്ടിൽ നിന്നും ആർജ്ജിച്ചെടുത്ത പ്രവർത്തന മികവ് പ്രവാസ ലോകത്തെ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാക്കി മാറ്റുകയായിരുന്നു.നാല്പത്തി നാല് വർഷമായി സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ശക്തി തിയറ്റേഴ്‌സ് അബുദാബി രൂപീകരിക്കുന്നതിനും, അബുദാബിയിലെ ഗവൺമെന്റ് അംഗീകൃത സംഘടനയായ കേരള സോഷ്യൽ സെന്ററിന് ജനകീയ മുഖം കൈവരിക്കുന്നതിനും എൻ. ഐ. നൽകിയ സംഭാവനകൾ എക്കാലവും സ്മരിക്കപ്പെടും.ഇഎംഎസ് മുതൽ നിലവിലെ പിണറായി വിജയൻ വരെയുള്ളവരുമായുള്ള തന്റെ അടുപ്പവും വ്യക്തിബന്ധവും തന്റെ നാടിന്റെയും തനിക്ക് ചുറ്റുമുള്ള സമൂഹത്തിന്റെയും നന്മയ്ക്ക് വേണ്ടി വിനിയോഗിച്ച അദ്ദേഹം ചാലിശ്ശേരി ഹയർ സെക്കണ്ടറി സ്‌കൂൾ വികസന സമിതി കൺവീനർ, ചാലിശ്ശേരി സർവ്വീസ് സഹകരണബാങ്ക് പ്രസിഡന്റ്, തൃത്താല ബ്ലോക്ക് ഭാവന നിർമ്മാണ സഹകരണ സംഘാടനം ഡയറക്ടർ, ശക്തി തിയറ്റേഴ്‌സ് പ്രസിഡന്റ്, കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി, എൻ ഐ പരീത് സ്മാരക വായനശാല പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നുവെന്ന് അനുശോചനയോഗത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു.കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് വി. പി. കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുശോചനയോഗത്തിൽ ശക്തി തിയറ്റേഴ്‌സ് ജനറൽ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, വൈസ് പ്രസിഡന്റ് ഗോവിന്ദൻ നമ്പൂതിരി, യുവകലാ സാഹിതി കേന്ദ്ര കമ്മിറ്റി അംഗം റഷീദ് പാലക്കൽ, എ. കെ. ബീരാൻകുട്ടി, എൻ. വി. മോഹനൻ, കെ.വി. ബഷീർ, ഗീത ജയചന്ദ്രൻ, അസീസ് ആനക്കര, എ.എൽ. സിയാദ്, സന്തോഷ് ചാലിശ്ശേരി, വി. വി. നികേഷ്, കെ. എം. എ. ഷെരീഫ്, രാജേന്ദ്രൻ വെഞ്ഞാറമൂട് എന്നിവർ സംസാരിച്ചു.