അലൈനിൽ നിന്നുള്ള വിമാനയാത്രക്കാർക്കായി സിറ്റി ചെക്ക് ഇൻ സേവനം ആരംഭിച്ചു.
അബുദാബി : അലൈനിൽ നിന്നും അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ പോകുന്ന യാത്രക്കാർക്കായി സിറ്റി ചെക്ക് ഇൻ സൗകര്യം അലൈൻ കുവൈറ്റാറ്റിലെ ലുലു ഹൈപ്പർമാർക്കറ്റ് മാളിൽ പ്രവർത്തനം ആരംഭിച്ചു. വിമാന സമയത്തിന് 7 മണിക്കൂർ മുതൽ 24 മണിക്കൂർ മുൻപ് വരെ ഈ കേന്ദ്രത്തിൽ ബാഗേജ് സ്വീകരിച്ച് ബോർഡിങ് കാർഡ് നൽകുന്നതാണ്. മുറാഫിക് ഏവിയേഷൻ സർവീസിന്റെ കീഴിൽ ആരംഭിച്ചിരിക്കുന്ന കേന്ദ്രം രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവർത്തിക്കുക.എത്തിഹാദ് എയർ വെയ്‌സ് , എയർ അറേബ്യാ , വിസ് എയർ , ഈജിപ്ത് എയർ എന്നീ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ് ഇപ്പോൾ സിറ്റി ചെക്ക് ഇൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. അബുദാബി മീന തുറമുഖത്തെ ക്രൂയിസ് ടെർമിനലിൽ 24 മണിക്കൂറും , മുസ്സഫ ഷാബിയ പതിനൊന്നിലെ സിറ്റി ടെർമിനൽ രാവിലെ 10 മുതൽ രാത്രി 10 മണി വരെയും ,യാസ് മാളിലെ ഫെരാരി വേൾഡ് എൻട്രൻസിൽ സ്ഥാപിച്ചിരിക്കുന്ന കേന്ദ്രം രാവിലെ 10 മുതൽ രാത്രി 10 വരെയും പ്രവർത്തിക്കും.ബാഗേജുകൾ നൽകി ബോർഡിങ് പാസ് എടുക്കുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിൽ എത്തി നീണ്ട ക്യൂ വിൽ കാത്തു നിൽക്കാതെ നേരിട്ട് എമിഗ്രെഷൻ വിഭാഗത്തിലേക്ക് പോകാം എന്നതാണ് സിറ്റി ചെക്ക് ഇൻ സേവനത്തെ ജനപ്രിയമാക്കുന്നതു. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്ക് ഏറെ ആശ്വാസപ്രദമാണ് മുൻകൂർ ചെക്ക് ഇൻ സൗകര്യം . മുതിർന്നവർക്ക് 35 ദിർഹവും , കുട്ടികൾക്ക് 25 ദിർഹവുമാണ് ചെക്ക് ഇൻ സേവനത്തിനുള്ള നിരക്കായി ഈടാക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 800 667 2347 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.