അൽ ഐൻ അൽ ഫോഹ് മാൾ ഒരുക്കിയ “ദി ഓട്ടോ ഷോ 2025” ശ്രദ്ധേയമായി
അബുദാബി: അൽ ഐൻ അൽ ഫോഹ് മാൾ ഒരുക്കിയ “ദി ഓട്ടോ ഷോ 2025” ശ്രദ്ധേയമായി. യു എ ഇ കാർ ക്ലബ്ബുകളുടെ പങ്കാളിത്തത്തോടെയാണ് ഷോ ഒരുക്കിയത്. ലക്ഷ്വറി കാറുകളുടെയും സൂപ്പര്‍ ടെക് കാറുകളുടെയും,വിന്റേജ് കാറുകളുടെയും സാന്നിധ്യത്തിലൂടെ ശ്രദ്ധേയമായി മാറുകയായിരുന്നു ദി ഓട്ടോ ഷോ 2025. ജനുവരി 24 മുതൽ 26 വരെ മൂന്ന് ദിനങ്ങളിലായിട്ടാണ് വൈകുന്നേരം 5:00 മുതൽ രാത്രി 10:00 വരെ ഓട്ടോ ഷോ നടന്നത്. കാർ പ്രേമികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ അവിസ്മരണീയമായ അനുഭവമാണ് ഷോ സമ്മാനിച്ചത്.
പത്തിലധികം കണ്‍സെപ്റ്റ് കാറുകളാണ് ഷോയില്‍ അവതരിപ്പിക്കപ്പെട്ടത്. പതിനഞ്ചിലധികം സൂപ്പര്‍ കാര്‍ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെ പ്രോഡക്ടുകള്‍ ഷോക്കേസ് ചെയ്ത ഷോയില്‍ അറുപതിൽ അധികം കാറുകളാണ് പ്രദർശിപ്പിച്ചത്. വിവിധ കാലഘട്ടങ്ങളിലെ കാറുകൾ കഥപറയുന്ന അൽ ഐൻ അൽ ഫോഹ് മാളിൽ ഒരുക്കിയ ദി ഓട്ടോ ഷോ ഇരു കൈയും നീട്ടി സ്വീകരിച്ചത്തിൽ സന്തോഷം ഉണ്ടെന്നു ലൈൻ ഇൻവെസ്റ്റ്‌മെന്റ് ജനറൽ മാനേജർ ബിജു ജോർജ്, അൽ ഫോഹ് മാൾ മാനേജർ താഹിർ മുഹമ്മദ് എന്നിവർ പറഞ്ഞു.
യു എ ഇ കൽ ക്ലബ് അംഗങ്ങൾ ഒരുക്കിയ ടോക്ക് ഷോ പരിപാടിയും അവാർഡ് സമർപ്പണ ചടങ്ങും നടന്നു. അൽ ഐനിൻ്റെ ഹൃദയഭാഗത്ത് ഏകദേശം 41,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണം ആണ് അൽ ഫോഹ് മാൾ പ്രവർത്തിക്കുന്നത്.