പതിനഞ്ചാം വാർഷിക നിറവിൽ ലുലു എക്സ്ചേഞ്ച്
അബുദാബി: വിദേശ പണമിടപാട് രംഗത്ത് യു എ ഇ യിൽ തരംഗം സൃഷ്ടിച്ച ലുലു എക്സ്ചേഞ്ച് സേവനത്തിന്റെ 15 വർഷങ്ങൾ പൂർത്തിയാക്കി ജൈത്രയാത്ര തുടരുകയാണ്. 2009 സെപ്തംബർ 2ന് അബുദാബിയിലെ അൽ വഹ്ദയിൽ തുടക്കം കുറിച്ച ആദ്യ കസ്റ്റമർ എൻഗേജ്മെന്റ് സെന്ററിൽ വെച്ച് വിപുലമായ രീതിയിലാണ് പതിനഞ്ചാം വാർഷികം ആഘോഷിച്ചത്.അൽ വഹ്ദ ശാഖയിൽ നിന്നും തുടക്കം കുറിച്ച ജൈത്രയാത്രയിൽ നിന്നും യു എ ഇ യിൽ മാത്രം 140 ഓളം കസ്റ്റമർ എൻഗേജ്മെന്റ് സെന്ററുകളിലേക്കു വളരാൻ ലുലു എക്സ്ചേഞ്ചിന് കഴിഞ്ഞിട്ടുണ്ട്.കഴിഞ്ഞ 15 വർഷം കൊണ്ട് ഡിജിറ്റൽ പണമിടപാട് രംഗത്ത് യുഎഇയിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് പണമയക്കുന്നതിൽ സമാനതകൾ ഇല്ലാത്ത വിപ്ലവം സൃഷ്ടിക്കാൻ ലുലു എക്സ്ചേഞ്ചിനായിട്ടുണ്ട്. അതിനോടൊപ്പം 2017 ൽ ആരംഭിച്ച ലുലു മണി ആപ്പ് വഴി നവ ഉപഭോക്താക്കൾക്ക് അവരുടെ ആഗ്രഹത്തിന് അനുസരിച്ചുള്ള ഡിജിറ്റൽ ഇടപാടുകൾ ലഭ്യമാക്കുന്നതിനും ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് കഴിഞ്ഞ ചാരിതാർഥ്യത്തിലാണ് ആഘോഷ പരിപാടികൾ നടന്നത്.ആദ്യകാല ഉപഭോക്താക്കളെ ചടങ്ങിൽ ആദരിച്ചു. ഡിജിറ്റൽ പണമിടപാടു രംഗത്തെ സ്ഥാപനങ്ങളുടെ നേതൃപദവിയിലേക്ക‌് ലുലു എക്സ്ചേഞ്ച് ഉയർന്നതായി ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു. വിവിധ ധനകാര്യസ്ഥാപനങ്ങളുടെ ഡിജിറ്റൽ ഇടപാടിനുള്ള സൗകര്യവും ലുലു എക്സ്ചേഞ്ച് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇപ്പോൾ യു എ ഇ യിൽ മാത്രം ലുലു എക്സ്ചേഞ്ചിന് 140ഓളം ശാഖകളുണ്ട്. ഉപഭോക്താക്കൾക്ക് അവർ ആഗ്രഹിച്ച സമയത്തുതന്നെ മികച്ച സേവനം നൽകാൻ കഴിഞ്ഞതാണ് വിജയം. 15 വർഷം വളർച്ചയുടെ പാതയിലെ സുപ്രധാന നാഴികക്കല്ലാണെന്നും കൂടുതൽ രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്നും പറഞ്ഞു.