ഇന്ത്യൻ മീഡിയ അബുദാബി (ഇമ) ഓണാഘോഷവും കുടുംബ സംഗമവും നടത്തി.
അബുദാബി: ഇന്ത്യൻ മീഡിയ അബുദാബി (ഇമ) ഓണാഘോഷവും കുടുംബ സംഗമവും നടത്തി. ബുർജീൽ ഹോൾഡിങ്സിന്റെയും നോട്ട്ബുക്ക് റസ്റ്ററന്റിന്റെയും സഹകരണത്തോടെയായിരുന്നു പരിപാടി. അബുദാബി മദീനാ സായിദ് ഷോപ്പിങ് കോംപ്ലക്സിലെ നോട്ട്ബുക്ക് റസ്റ്ററന്റിൽ നടന്ന പരിപാടിയിൽ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. ചടങ്ങിൽ ബുർജീൽ ഹോൾഡിങ്സിനുള്ള ഉപഹാരം റീജനൽ മാനേജർ (ബിസിനസ് ഡവലപ്മെന്റ്) സി.എം.നിർമലും നോട്ട്ബുക്ക് റസ്റ്ററന്റ് ഗ്രൂപ്പിനുള്ള ഉപഹാരം എം.ഡി. സതീഷ്കുമാറും മാനേജർ ഷംലാക് പുനത്തിലും ചേർന്ന് ഏറ്റുവാങ്ങി. ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റ് എൻ.എം.അബൂബക്കർ, ജനറൽ സെക്രട്ടറി ടി.എസ്.നിസാമുദ്ദീൻ, ട്രഷറർ ഷിജിന കണ്ണൻദാസ്, വൈസ് പ്രസിഡന്റ് അബ്ദുൽറഹ്മാൻ, ജോയിന്റ് സെക്രട്ടറി അനിൽ സി.ഇടിക്കുള എന്നിവർ ചേർന്നാണ് ഉപഹാരം നൽകിയത്. ഗോൾഡൻ വീസ നേടിയ റാഷിദ് പൂമാടം, അംഗങ്ങളുടെ മക്കളിൽ വിദ്യാഭ്യാസ മികവു പുലർത്തിയ ഹനാൻ റസാഖ്, ആമിന പി.എം. എന്നിവരെയും ആദരിച്ചു. എൻ.എം.അബൂബക്കറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ടി.എസ്.നിസാമുദ്ദീൻ സ്വാഗതവും ഷിജിന കണ്ണൻദാസ് നന്ദിയും പറഞ്ഞു. റസാഖ് ഒരുമനയൂർ, സമീർ കല്ലറ എന്നിവർ നേതൃത്വം നൽകി.