യു എ ഇ പ്രവാസി സാഹിത്യോത്സവ് സമാപിച്ചു; അബൂദാബി സിറ്റി ജേതാക്കൾ
അബൂദാബി: കലാലയം സാംസ്‌കാരിക വേദിയുടെ കീഴിൽ സംഘടിപ്പിച്ച പതിനാലമത് യു എ ഇ നാഷണല്‍ സാഹിത്യോത്സവിന് ഉജ്ജ്വലമായ പരിസമാപ്തി. 11 സോണുകളിൽ നിന്നായി 1200 ൽ പരം പ്രതിഭകൾ മാറ്റുരച്ച പ്രവാസി സാഹിത്യോത്സവിൽ ആതിഥേയരായ അബൂദാബി സിറ്റി സോൺ 292 പോയിന്റുകളോടെ ജേതാക്കളായി. 273 പോയിന്റുകൾ നേടിയ ഷാർജ സോൺ രണ്ടാം സ്ഥാനവും 255 പോയിന്റുകൾ നേടിയ ദുബൈ സൗത്ത് സോൺ മൂന്നാം സ്ഥാനവും നേടി. വിവിധ സ്കൂളുകളിൽ നിന്നുള്ള പ്രതിഭകൾ മത്സരിക്കുന്ന കാമ്പസ് വിഭാഗത്തിന്റെ മത്സരങ്ങളിൽ അജ്മാൻ സോൺ ഒന്നാം സ്ഥാനം നേടി. അബൂദാബി ഈസ്റ്റ് സോൺ രണ്ടും ഷാർജ സോൺ മൂന്നും സ്ഥാനങ്ങൾ നേടി.
അബൂദാബി നാഷണല്‍ തിയേറ്ററില്‍ നടന്ന സാഹിത്യോത്സവ് വലിയ ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു. 12 ഓളം വേദികളിലായി വിപുലമായ സംവിധാനങ്ങളൊരുക്കിയാണ് സാഹിത്യോത്സവ് അരങ്ങേറിയത്. ജൂനിയര്‍,സെക്കണ്ടറി, സീനിയര്‍,ജനറല്‍ എന്നീ വിഭാഗങ്ങളിലാണ് സാഹിത്യോത്സവ് മത്സരങ്ങൾ നടന്നത്. ഷാർജ സോണിലെ മുഹമ്മദ് സഹൽ കലാപ്രതിഭയായും ദുബൈ നോർത്തിലെ സഹദ് തലപ്പുഴ പുരുഷ വിഭാഗത്തിലെ സർഗ്ഗ പ്രതിഭയായും അബൂദാബി സിറ്റിയിലെ റുമൈസ ജസീർ വനിതാ വിഭാഗത്തിലെ സർഗ്ഗ പ്രതിഭയായും തിരഞ്ഞെടുത്തു.
വൈകീട്ട് നടന്ന സാംസ്‌കാരിക സമ്മേളനം ശൈഖ് അലി അല്‍ ഹാഷ്മി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ സന്ദേശ പ്രഭാഷണം നടത്തി. ഗ്ലോബല്‍ കലാലയം കഥ, കവിത പുരസ്‌കാര ജേതാക്കള്‍ക്കുള്ള പുരസ്‌കാര വിതരണവും സാഹിത്യോത്സവ് വേദിയിൽ വെച്ച് നടന്നു. 2025 ലെ പ്രവാസി നാഷണൽ സാഹിത്യോത്സവ് റാസൽ ഖൈമയിൽ നടക്കും. സാഹിത്യോത്സവ് ലോഗോ റാസൽ ഖൈമ സോൺ ഭാരവാഹികൾ ഏറ്റു വാങ്ങി.