ടി പി ഗംഗാധരന് മാധ്യമ പുരസ്ക്കാരം നൽകി ആദരിച്ചു.
അബുദാബി: റെഡ് എക്സ് മീഡിയ അബുദാബി 24 സെവൻ ചാനലും ഒരുക്കിയ ഈ വർഷത്തെ മാധ്യമ പുരസ്ക്കാരം യു എ ഇ യിലെ മുതിർന്ന മാധ്യമ പ്രവർത്തകനായ ടി പി ഗംഗാധരന് ചടങ്ങിൽ സമ്മാനിച്ചു. കമ്യൂണിറ്റി പോലീസ് പ്രതിനിധിയായ ഐഷ അലി അൽ ഷെഹ്‌ഹിയാണ് ചടങ്ങിൽ ടി പി ഗംഗാധരന് പുരസ്ക്കാരം നൽകി ആദരിച്ചത്. റെഡ് എക്സ് മീഡിയ മാനേജിങ് ഡയറക്ടർ ഹനീഫ് റെഡ് എക്സ്, അബുദാബി 24 സെവൻ ചാനൽ ചീഫ് എഡിറ്റർ സമീർ കല്ലറ, റെഡ് എക്സ് മീഡിയ സി ഇ ഓ സുബിൻ സോജൻ, മാനേജിങ് പാർട്ണർ മുജീബ് കുമരനെല്ലൂർ , പ്രൊഡക്ഷൻ മാനേജർ ഷഫീക് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ദേശീയ ദിനാഘോഷ ഭാഗമായി റെഡ് എക്സ് മീഡിയ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ഒരുക്കിയ അഹ്‌ലൻ എമാറാത്ത് എന്ന പരിപാടിയിൽ ആണ് പുരസ്ക്കാരം സമ്മാനിച്ചത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി മാധ്യമ മേഖലയിലും, സാമൂഹ്യവും സാംസ്‌കാരികവുമായ രംഗങ്ങളിലും അബുദാബി മലയാളി സമൂഹത്തില്‍ ടി പി ഗംഗാധരൻ നല്‍കിയ സംഭാവനകളെ മാനിച്ചാണ് അവാര്‍ഡ്. കലാ അബുദാബിയുടെ സ്ഥാപക മെമ്പർ , മുൻപ്രസിഡന്റ് , അബുദാബി മലയാളി സമാജത്തിന്റെ കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ, ഇന്ത്യൻ മീഡിയ അബുദാബിയുടെ മുൻ പ്രസിഡണ്ട് എന്നീ നിലകളിലൊക്കെ അബുദാബിയിലെ സാംസ്കാരിക രംഗത്ത് ഗംഗാധരൻ നിറഞ്ഞുനിന്നു.

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് സ്വദേശിയാണ് ഗംഗാധരൻ. ഭാര്യ മീര ഗ്രാമ വികസന വകുപ്പിൽ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറായി ജോലി ചെയ്യുന്നു. മൂത്ത മകൻ കൃഷ്ണപ്രസാദ്. ഭാര്യ ശ്രുതി. ഇന്ത്യ ഗവൺമെന്റിന്റെ ധീരദേശീയത അവാർഡ് ജേതാവ് കൂടിയാണ് ഇപ്പോൾ അബുദാബിയിൽ ജോലി ചെയ്യുന്ന കൃഷ്ണപ്രസാദ്. രണ്ടാമത്തെ മകൻ ഹരികൃഷ്ണ കാനഡയിൽ ഇന്റർനാഷണൽ ബിസിനസ് മാനേജ്മെന്റ് പഠിക്കുന്നു. നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്ന ഗംഗാധരന് കലാ അബുദാബി ഉചിതമായ ഒരു യാത്രയപ്പ് നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ഈ വരുന്ന 2025 ജനുവരി നാലിന് അബുദാബി ഇന്ത്യ സോഷ്യൽ സെന്ററിൽ വെച്ചാണ് പരിപാടി. ഗായിക റിമി ടോമിയുടെ നേതൃത്വത്തിൽ പ്രശസ്തരായ പാട്ടുകാർ പങ്കെടുക്കുന്ന സ്റ്റേജ് ഷോയിൽ വെചാണ് ഗംഗാധരന് ഔദ്യോഗികമായ യാത്രയയപ്പ് നൽകുക.