ഐ എസ് സി ഇന്ത്യ ഫെസ്റ്റിന് ജനുവരി 24ന് തുടക്കമാകും.
അബുദാബി : അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ സംഘടിപ്പിക്കുന്ന പതിമൂന്നാമത് ഇന്ത്യ ഫെസ്റ്റിന് ജനുവരി 24ന് തുടക്കമാകും. മെഗാ സമ്മാന പദ്ധതികളും, വൈവിധ്യമാർന്ന കലാ വിരുന്നുകളുമാണ് മൂന്ന് ദിനങ്ങളിലായി നടക്കുന്ന ഫെസ്റ്റിൽ ഒരുക്കുക.വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തനത് ഭക്ഷണം, ഓരോ പ്രദേശത്തിന്റെയും കരവിരുതിൽ തീർത്ത ഉൽപന്നങ്ങൾ ലഭ്യമാകുന്ന സ്റ്റാളുകൾ, കലാവിരുന്ന്, ഗാനമേള, വിദ്യാർഥികളുടെ എക്സിബിഷൻ തുടങ്ങിയവ എല്ലാം ഫെസ്റ്റിൽ ഒരുക്കും.3 ദിവസം നീളുന്ന ഉത്സവം ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ ഉദ്ഘാടനം ചെയ്യും. ഉത്സവത്തോടനുബന്ധിച്ച് മെഗാ സമ്മാന പദ്ധതികളും പ്രഖ്യാപിച്ചു. 10 ദിർഹത്തിന്റെ പ്രവേശന ടിക്കറ്റ് എടുക്കുന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന മെഗാ വിജയിക്ക് 100 ഗ്രാം സ്വർണമാണ് സമ്മാനം. കൂടാതെ തിരഞ്ഞെടുക്കപ്പെടുന്ന 5 പേർക്കു വീതം 8 ഗ്രാം സ്വർണ നാണയം, ടെലിവിഷൻ, സ്മാർട്ട് ഫോൺ, സ്മാർട്ട് വാച്ച്, എയർ ഫ്രയർ തുടങ്ങിയ സമ്മാനങ്ങളുമുണ്ടാകും. ഇമറാത്തി ഇന്ത്യൻ സംഗീത നൃത്ത വിരുന്നും , മറ്റ് കലാ പരിപാടികളുമെല്ലാം ദിവസേന വൈകിട്ട് 6 മുതൽ രാത്രി 12 വരെ അരങ്ങേറും.

സന്ദർശകർക്കായി വിശാലമായ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റിവല്‍ അങ്കണത്തില്‍ വൈവിധ്യമാര്‍ന്ന അമ്പതിലധികം വാണിജ്യ സ്റ്റാളുകളും ഭക്ഷണ സ്റ്റാളുകളും ഉണ്ടായിരിക്കും. ഗായകരായ വൈഭവ് ഗുപ്ത, അനന്യ പാൽ, രഞ്ജിനി ജോസ്, നിരഞ്ച് സുരേഷ്, പ്രദീപ് ബാബു എന്നിവർ ഒരുക്കുന്ന സംഗീത വിരുന്നും ഫെസ്റ്റിനെ മികവുറ്റതാക്കുമെന്നു ഭാരവാഹികൾ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ജയറാം റായ്, ജനറൽ സെക്രട്ടറി രാജേഷ് ശ്രീധരന്‍, ട്രഷറർ ദിനേശ് പൊതുവാള്‍, വൈസ് പ്രസിഡന്റ് ആൻഡ് ഇന്ത്യ ഫെസ്റ്റ് ജനറൽ കൺവീനർ കെ.എം സുജിത്ത്, എന്റർടൈൻമെന്റ് സെക്രട്ടറി അരുണ്‍ ആന്‍ഡ്രു വര്‍ഗീസ്, ഫിൻ കോർപ്പ് ഇൻവെസ്റ്റ്മെന്റ് എൽ എൽ സി സി ഇ ഓ അമല്‍ജിത്ത് എ മേനോന്‍, മെഡിയോർ ഹോസ്പിറ്റൽ ഡയറക്ടർ ഓഫ് ഓപ്പറേഷൻ ഡോ.തേജാ രാമ, ട്രാൻ ടെക്ക് ഗ്രൂപ്പ് ചെയർമാൻ റഫീഖ് കയനയിൽ എന്നിവർ പങ്കെടുത്തു.