റമദാനിൽ നാലായിരത്തിലേറെ ഉൽപന്നങ്ങൾക്ക് 60% വരെ വിലക്കുറവുമായി അഡ്കോപ്.
അബുദാബി: റമദാനിൽ നാലായിരത്തിലേറെ ഉൽപന്നങ്ങൾക്ക് 60% വരെ വിലക്കുറവുമായി അഡ്കോപ്. പുണ്യമാസത്തിൽ അവശ്യവസ്തുക്കൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. 185 അവശ്യ വസ്തുക്കളുടെ വില കഴിഞ്ഞ വർഷത്തെക്കാൾ കുറച്ചു. ഇതിനു പുറമെ 250 ദിർഹത്തിന് സാധനങ്ങൾ വാങ്ങുന്നവർക്ക് 50 ദിർഹം തിരികെ ലഭിക്കുന്ന കാഷ് ബാക്ക് ഓഫറും പ്രഖ്യാപിച്ചു. ഖലീഫ ഫൗണ്ടേഷനുമായി ചേർന്ന് വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കുന്നതിന് 2.5 കോടി ദിർഹമാണ് നിക്ഷേപിച്ചത്. പുണ്യമാസത്തിൽ അവശ്യവസ്തുക്കൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയെന്ന് അഡ്കോപ് സിഇഒ ബെർട്രൻഡ് ലൂമയ് പറഞ്ഞു. 30,000 ഇഫ്താർ സമ്മാനങ്ങളും വിതരണം ചെയ്തു. അവശ്യസാധനങ്ങൾ ഉൾപ്പെടുത്തി 100, 150 ദിർഹം വിലയുള്ള 2 റമസാൻ കിറ്റുകളും പുറത്തിറക്കി. അരി, പഞ്ചസാര, തേയില, പാൽപൊടി, പാചക എണ്ണ, ഈന്തപ്പഴം, തക്കാളി പേസ്റ്റ്, പാസ്ത, കടല, പരിപ്പ്, ഉപ്പ്,ജെല്ലി, കാരമൽ, വിംറ്റൊ, ഓട്സ് തുടങ്ങിയവ വിവിധ അളവിൽ ഉൾപ്പെടുത്തിയ റമസാൻ കിറ്റുകൾ അഡ്കോപ് ശാഖകളിലും ഓൺലൈനിലും ലഭ്യമാണ്.

റമസാനിൽ പോഷകസമൃദ്ധവും നിലവാരവുമുള്ള ഭക്ഷണം താങ്ങാവുന്ന വിലയിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. അഡ്കോപ് ഇ-കൊമേഴ്‌സ് ആപ്പ്, ഇൻസ്റ്റാഷോപ്, തലബാത്ത് എന്നിവയിലൂടെ അതിവേഗം സാധനങ്ങൾ വീട്ടിലെത്തിക്കാനല്ല സംവിധാനവുമുണ്ട്. അബുദാബി, അൽഐൻ, അൽദഫ്ര, ഡൽമ, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലെ അഡ്കോപ് വഴി ഓൺലൈൻ ഷോപ്പിങ് നടത്താം.നിലവിൽ നൂറിലേറെ ശാഖകളുള്ള അഡ്കോപ് വൈകാതെ യുഎഇയിൽ കൂടുതൽ ശാഖകൾ തുറക്കുമെന്നും ഗ്രൂപ്പ് ചീഫ് കോർപറേറ്റ് സപ്പോർട്ട് ഓഫിസർ അഫ്ഫാൻ അൽ ഖൂരി പറഞ്ഞു.