41 സൗന്ദര്യവർധക ഉത്പന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി അബുദാബി.
അബുദാബി : സൗന്ദര്യംവർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും ഉപയോഗിച്ചിരുന്ന 41 ഉത്പന്നങ്ങൾ നിരോധിച്ച് അബുദാബി. ആരോഗ്യത്തിന് സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് അബുദാബി ആരോഗ്യവകുപ്പ് (ഡിഒഎച്ച്) അധികൃതർ നടപടിയെടുത്തത്.ബ്രോൺസ് ടോൺ ബ്ലാക്ക് സ്പോട്ട് കറക്റ്റർ, ബയോ ക്ലെയർ ലൈറ്റനിങ് ബോഡി ലോഷൻ, റീഫൈവ് ഹേപ്പ് ഹായ് മോർണിങ്, റിനോ സൂപ്പർ ലോങ് ലാസ്റ്റിങ് 70,000, പിങ്ക് പുസ്സികാറ്റ്, ഗ്ലൂട്ട വൈറ്റ് ആന്റി ആക്‌നെ ക്രീം തുടങ്ങി ബോഡി ബിൽഡിങ്, ലൈംഗിക ഉത്തേജന മരുന്നുകളും നിരോധിച്ച പട്ടികയിലുണ്ട്. ഉത്പന്നങ്ങളുടെ പേരുകൾ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ജനുവരി മുതൽ മാർച്ച് 27 വരെ എമിറേറ്റിൽ വ്യാപകമായി നടത്തിയ പരിശോധനയിലാണ് ഇത്രയും ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. മായം കലർന്നതിന് പുറമേ ഇവ വൃത്തിഹീനമായ സാഹചര്യത്തിൽ നിർമിക്കുകയും സൂക്ഷിക്കുകയും ചെയ്തതായും കണ്ടെത്തിയിരുന്നു. ചിലതിൽ യീസ്റ്റ്, പൂപ്പൽ, ബാക്ടീരിയ തുടങ്ങിയവയുടെ സാന്നിധ്യവും കണ്ടെത്തി.
ഫുഡ് സപ്ലിമെന്റുകളും മറ്റ് മരുന്നുകളും ആരോഗ്യവിദഗ്ധരുടെ നിർദേശമില്ലാതെ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ പറഞ്ഞു. വ്യാജമാണെന്ന് ബോധ്യമായാൽ ബന്ധപ്പെട്ട അധികാരികളെ വിവരമറിയിക്കണം. യുഎഇയിൽ ഇത്തരം വ്യാജ ഉത്പന്നങ്ങൾക്കെതിരേ കർശന നടപടികളാണ് സ്വീകരിച്ചുവരുന്നത്. നിയമലംഘകർക്ക് 5000 ദിർഹം മുതൽ 10 ലക്ഷം ദിർഹംവരെ പിഴയും രണ്ടുവർഷംവരെ തടവുമാണ് ശിക്ഷ.കുറ്റകൃത്യം ഗുരുതരമാണെങ്കിൽ ഒരു ലക്ഷം ദിർഹം മുതൽ 20 ലക്ഷം ദിർഹംവരെയും പിഴ ചുമത്തും. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുകയും സ്ഥാപനം ഒരുവർഷംവരെ അടപ്പിക്കുകയും ചെയ്യും.നിയമലംഘനമാണെന്ന് അറിഞ്ഞിട്ടും നടപടി സ്വീകരിക്കാത്ത മാനേജർമാർക്ക് തടവും പിഴയും ഉൾപ്പെടെയുള്ള ശിക്ഷലഭിക്കുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.