കേരള സോഷ്യൽ സെന്റർ യു.എ.ഇ തല ഒപ്പന മത്സരം സംഘടിപ്പിച്ചു.
അബുദാബി: കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രഥമ യുഎഇ തല ഒപ്പന മത്സരം പങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി. മൂന്നു വിഭാഗങ്ങളിലായി നടന്ന വാശിയേറിയ മത്സരത്തിൽ 19 ടീമുകളിലായി നൂറ്റി അൻപതോളം പേർ പങ്കെടുത്തു. ജൂനിയർ വിഭാഗത്തിൽ എട്ടും സീനിയർ വിഭാഗത്തിൽ നാലും മുതിർന്നവരുടെ വിഭാഗത്തിൽ ഏഴും ടീമുകളാണ് മാറ്റുരച്ചത്. കലാമണ്ഡലം ഫസീല, അസീസ് എടരിക്കോട്, മുഹമ്മദ് ചോറ്റൂർ എന്നിവർ വിധികർത്താക്കളായി നടന്ന മത്സരത്തിൽ മുതിർന്നവരുടെ വിഭാഗത്തിൽ നൂപുര അബുദാബിയും, റിഥം ഇൻസ്റ്റിറ്റുട്ട് ഓഫ് പെർഫോമിംഗ് ആർട്സും ഒന്നാം സ്ഥാനം പങ്കിട്ടെടുത്തു.

സീനിയർ വിഭാഗത്തിൽ നൃത്യ അബുദാബിക്കും ജൂനിയർ വിഭാഗത്തിൽ നർത്തന ഡാൻസ് സ്‌കൂളിനുമായിരുന്നു ഒന്നാം സമ്മാനം. മുതിർന്നവരുടെ വിഭാഗത്തിൽ റിഥം ഇൻസ്റ്റിറ്റുട്ട് ഓഫ് പെർഫോമിംഗ് ആർട്സ് രണ്ടാം സ്ഥാനവും ടീം ഹോജാത്തീസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കിയപ്പോൾ സീനിയർ വിഭാഗത്തിൽ നർത്തന ഡാൻസ് സ്കൂളിനും ശക്തി തീയറ്റേഴ്സ് നാദിസിയ മേഖലക്കുമായിരുന്നു യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ. ജൂനിയർ വിഭാഗത്തിൽ ശക്തി തീയറ്റേഴ്സ് നാദിസിയ മേഖല രണ്ടാം സമ്മാനം നേടിയപ്പോൾ മൂന്നാം സ്ഥാനം നൃത്യ അബുദാബിയും, നർത്തന ഡാൻസ് സ്കൂളും പങ്കിട്ടെടുത്തു. വിജയികൾക്കുള്ള ക്യാഷ് അവാർഡും ട്രോഫിയും സർട്ടീഫിക്കറ്റും കേരള സോഷ്യൽ സെന്റർ ഭാരവാഹികൾ സമ്മാനിച്ചു. പ്രസിഡന്റ് എ. കെ. ബീരാൻകുട്ടി, ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, വനിതാ വിഭാഗം കൺവീനർ ഗീത ജയചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സമ്മാനദാന ചടങ്ങിൽ കലാവിഭാഗം സെക്രട്ടറി ഷഹീർ ഹംസ സ്വാഗതവും ജോ. സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടിൽ നന്ദിയും പറഞ്ഞു.