അക്ഷരസ്നേഹികൾക്ക് പുസ്തകവസന്തമൊരുക്കി മാർത്തോമ്മാ യുവജനസഖ്യം.
അബുദാബി: മാറുന്ന കാലഘട്ടത്തിലും പുസ്തകങ്ങൾ തേടിയെത്തുന്നവരുടെ എണ്ണത്തിൽ കുറവില്ലെന്നു തെളിയിക്കുന്നതായി അബുദാബി മാർത്തോമ്മാ യുവജനസഖ്യം ഒരുക്കിയ പുസ്തകോത്സവം . മുസ്സഫയിലെ പള്ളിയങ്കണത്തിൽ രണ്ടു ദിവസങ്ങളിലായി നടത്തിയ പുസ്തകോത്സവത്തിൽ ആയിരത്തിഅഞ്ഞൂറിലേറെ പുസ്തകങ്ങലുണ്ടായിരുന്നു. ഡി സി ബുക്ക്‌സുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികൾക്ക് മാത്രമായി പ്രത്യേക സ്റ്റാൾ ക്രമീകരിച്ചിരുന്നു. ആദ്യ പുസ്തകം ഇടവകയുടെ അത്മായ ശുശ്രൂഷകൻ മനോജ് വൈ സഖറിയായ്ക്കു നൽകി പുസ്തകോത്സവം ആരംഭിച്ചു.

പുസ്തകോത്സവത്തോടനുബന്ധിച്ച് നടത്തിയ സെമിനാറിൽ വിവിധ കാലഘട്ടങ്ങളിലെ വായന അനുഭവങ്ങളും, പുതിയ കാലഘട്ടത്തിലെ മാറുന്ന വായനാശീലത്തെ പറ്റിയും വിശദമായി ചർച്ച ചെയ്തു. ഇടവക സഹ വികാരി റവ. അജിത് ഈപ്പൻ തോമസ് അധ്യക്ഷത വഹിച്ച യോഗം ഇടവക വികാരി റവ.ജിജു ജോസഫ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അജിത്.എ.ചെറിയാൻ, ഡി സി ബുക്സ് മാനേജിംഗ് പാർട്ണർ മനോജ് കുര്യൻ, ജിബിൻ ജോണി , ജെറിൻ ജേക്കബ്, റെജി ബേബി , മാത്യു മണലൂർ എന്നിവർ സംസാരിച്ചു. യുവജനസഖ്യം വൈസ് പ്രസിഡൻറ് ജിനു രാജൻ, സെക്രട്ടറി സാംസൺ മത്തായി, ഖജാൻജി ജേക്കബ് വർഗീസ്, ലൈബ്രറേറിയൻ സുജ റെജി എന്നിവർ നേതൃത്വം നൽകി. യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ലൈബ്രറിയിൽ നിലവിൽ മൂവായിരത്തിലേറെ പുസ്തകങ്ങളുടെ ശേഖരമുണ്ടെന്നു ഭാരവാഹികൾ അറിയിച്ചു.