‘ബാപ്‌സ്’ ഹിന്ദുക്ഷേത്രത്തിലെ വനിതാ വിഭാഗം ഒത്തുചേർന്ന് സൗഹാർദത്തിന്റെ ഉത്സവം സംഘടിപ്പിച്ചു.
അബുദാബി : ‘ബാപ്‌സ്’ ഹിന്ദുക്ഷേത്രത്തിലെ വനിതാ വിഭാഗം ഒത്തുചേർന്ന് സൗഹാർദത്തിന്റെ ഉത്സവം സംഘടിപ്പിച്ചു. മാനവികതക്ക് സ്ത്രീകൾ നൽകുന്ന സംഭാവനകൾ ഉയർത്തിക്കാട്ടിയായിരുന്നു ആഘോഷം. ഫേസ് ഓഫ് ഇൻസ്പിരേഷൻ എന്ന പ്രമേയത്തിൽ വീഡിയോയും പ്രദർശിപ്പിച്ചു. ഋഷികേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മോട്ടിവേഷണൽ സ്പീക്കറും എഴുത്തുകാരിയുമായ സാധ്വി സരസ്വതി ഭഗവതി, യു.എ.ഇ. യിലെ ഇന്ത്യൻ സ്ഥാനപതിയുടെ ഭാര്യയും വിദ്യാഭ്യാസ മേഖലയിൽ 30 വർഷത്തിലേറെ പ്രവൃത്തിപരിചയവുമുള്ള വന്ദനാ സുധീർ, ഇന്നൊവഞ്ചേഴ്‌സ് എജ്യുക്കേഷൻ സ്ഥാപക പൂനം ഭോജാനി ഉൾപ്പെടെയുള്ളവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
യു.എ.ഇ. യിലെ വിവിധ പ്രവാസി സംഘടനകളിലെ വനിതാപ്രതിനിധികളും ഉത്സവത്തിന്റെ ഭാഗമായി. ആർട്ട് ഓഫ് ലിവിങ്, അമേ ഗുജറാത്തി, ദുബായിലെ ഇന്ത്യൻ വനിതകൾ, റൈസിങ് സ്റ്റാർസ് ഗ്രൂപ്പ്, മഹാരാഷ്ട്ര മണ്ഡൽ, സൗത്ത് ഇന്ത്യൻ കമ്യൂണിറ്റി, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ എന്നിങ്ങനെ വിവിധ ഗ്രൂപ്പുകളായി തരംതിരിച്ചായിരുന്നു ആഘോഷം. ഇത്തരം കൂടിച്ചേരലുകൾ സമുദായങ്ങൾക്കിടയിൽ ഐക്യം വളർത്തുമെന്ന് സാധ്വി സരസ്വതി പറഞ്ഞു. ക്ഷേത്രം വ്യത്യസ്ത സംസ്കാരങ്ങളെയും മതങ്ങളെയും തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്നു. സമൂഹത്തിൽ ഐക്യവും സ്‌നേഹവും വളർത്താൻ ഇതിനേക്കാൾ മികച്ചൊരു സ്ഥലമില്ലെന്നും അവർ വ്യക്തമാക്കി. മഹന്ത് സ്വാമി മഹാരാജിന്റെ റെക്കോഡ് ചെയ്ത വീഡിയോ സന്ദേശത്തോടെയാണ് ഉത്സവം സമാപിച്ചത്.