അബുദാബി മലയാളീ ഫോറം ഒരുക്കുന്ന വലിയപെരുന്നാൽ ആഘോഷം ”എ എം എഫ് ഫിയസ്റ്റ 2024”
അബുദാബി: അബുദാബി മലയാളീ ഫോറത്തിന്റെ നേതൃത്വത്തിൽ രണ്ടാം പെരുന്നാളായ ജൂൺ 17, തിങ്കളാഴ്ച മെഗാ ഷോ അരങ്ങേറും. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ആണ് പരിപാടി അരങ്ങേറുക. വൈവിധ്യമാർന്ന പരിപാടികളോടെയാണ് അബുദാബി മലയാളീ ഫോറം ഇത്തവണ പെരുന്നാൾ ആഘോഷം സംഘടിപ്പിക്കുന്നത്. ‘എ.എം.എഫ് ഫിയസ്റ്റ 2024’ എന്ന പേരിൽ ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വൈകീട്ട് നാല് മണിക്ക് നൃത്തോത്സവത്തോട് കൂടി ആരംഭിക്കുന്ന ആഘോഷപരിപാടികളിൽ പാചക മത്സരവും തുടർന്ന് സംഗീതോത്സവവും അബുദാബിയിലെ കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറും.പ്രശസ്ത ചലച്ചിത്ര താരം അന്നാ രാജൻ (ലിച്ചി) മുഖ്യാതിഥിയായി പങ്കെടുക്കുന്ന എ.എം.എഫ് ഫീസ്‌റ്റയിൽ ഫാദർ സേവാരിയോസ്, സിന്ധു പ്രേംകുമാർ, ഇസ്മായിൽ തളങ്കര, ഇമ്രാൻ ഖാൻ, സിയാ ജാസ്മിൻ എന്നീ ഗായകരും പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.പ്രോഗ്രാം ഡയറക്ടർ ജിഷ ഷാജി, കോർഡിനേറ്റർമാരായ ജ്യോതി റെയ്‌ച്ചൽ, മഹേഷ് ചന്ദ്രൻ, സി. എം. വി. ഫത്താഹ്, മുഹമ്മദ് അസ്ഹർ, കമ്മിറ്റി അംഗങ്ങളായ റുബീന ഷംസീർ, സെലിൻ ജിജി എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.