കോവിഡ് 19 കണ്ടെത്താൻ ഇനി നായകളും.
അബുദാബി: കോവിഡ് കണ്ടെത്താൻ പരിശീലനം സിദ്ധിച്ച നായകളെ ഉപയോഗപ്പെടുത്താൻ യു.എ.ഇ ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. കെ – 9 പോലീസ് നായകളാണ് വൈറസ് സാന്നിദ്ധ്യം കണ്ടെത്തുക. ഇവക്ക് വൈറസ് കണ്ടെത്തുന്നതിൽ 92 ശതമാനം കൃത്യതയുള്ളതായി തെളിഞ്ഞതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സാമൂഹികസുരക്ഷ ലക്ഷ്യമിട്ട് ശാസ്ത്രീയ പഠനങ്ങൾക്കും പ്രായോഗിക പരീക്ഷണങ്ങൾക്കും ശേഷമാണ് കോവിഡ് ബാധിതരെ കണ്ടെത്താൻ നായകളെ ഉപയോഗിക്കാൻ തീരുമാനമായത്. അതിസങ്കീർണമായ സാചര്യങ്ങളിൽ ഇത്തരം നായകളെ വകുപ്പ് ഉപയോഗപ്പെടുത്താറുണ്ട്. യു.എ.ഇ പോലീസ് ജനറൽ കമൻഡേഴ്‌സ്, ആരോഗ്യ സാമൂഹിക മന്ത്രാലയം, ഫെഡറൽ കസ്റ്റംസ് അതോറിറ്റി, അബുദാബി ദുബായ് കസ്റ്റംസ് വകുപ്പ്, ദുബായ് ആരോഗ്യ വകുപ്പ്, ആഭ്യന്തര മന്ത്രാലയം എന്നിവ ചേർന്നാണ് നായകളുടെ പരിശോധനാ രീതി വിലയിരുത്തിയത്. കോവിഡ് ബാധിതർക്കായി സജ്ജീകരിച്ച ഫീൽഡ് ആശുപത്രികൾ കേന്ദ്രീകരിച്ചാണ് നായകളുടെ പരിശീലനം നടത്തിയത്. കോവിഡ് സാമ്പിളുകൾ മണത്ത നായ സമാനമായത് കണ്ടെത്തുന്നതാണ് രീതിയെന്ന് വകുപ്പ് വ്യക്തമാക്കി. ആളുകൾ ധാരാളമായി എത്തുന്ന സ്ഥലങ്ങളിലും വിമാനത്താവളങ്ങളിലും നായകളുടെ സേവനം ലഭ്യമാക്കാനാണ് പദ്ധതി. നിരവധി രാജ്യങ്ങളിലെ വിദഗ്ദരുമായി ഇതുസംബന്ധിച്ച് ചർച്ചകളും മന്ത്രാലയം പ്രതിനിധികൾ നടത്തിയിരുന്നു.