എയർ ഇന്ത്യാ എക്സ്പ്രസ് ഓഫിസിന്റെ പ്രവർത്തനം ഐ.എസ്.സിയിൽ ആരംഭിച്ചു.
അബുദാബി: എയർ ഇന്ത്യാ എക്സ്പ്രസ് ഓഫിസിന്റെ പ്രവർത്തനം താൽക്കാലികമായി അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾചറൽ സെന്ററിലേക്കു(ഐഎസ്സി) മാറ്റി. ഇന്ന് മുതൽ ഐഎസ്സി ഹാളിലാണ് എയർലൈൻ ഓഫിസ് പ്രവർത്തിക്കുക. വന്ദേഭാരത് മിഷൻ ടിക്കറ്റ് എടുക്കാനായി ഖാലിദിയയിലെ എയർ ഇന്ത്യാ ഓഫിസിൽ അകലം പാലിക്കാതെ വൻ ജനക്കൂട്ടം എത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം പൊലീസ് എത്തി അടപ്പിച്ചിരുന്നു. ഇതേ തുടർന്ന് ഇന്ത്യൻ എംബസി ഉൾപെടെ പല സ്ഥലങ്ങളിലേക്കും പ്രവർത്തനം മാറ്റാൻ പൊലീസ് നിർദേശിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ നടന്നില്ല.രാവില ഒൻപത് മുതൽ വൈകിട്ട് ആറു വരെ എയർലൈൻ ഓഫിസ് ഐ.എസ്.സി യിൽ പ്രവർത്തിക്കും. ജനങ്ങൾക്ക് ഇരിക്കാനായി സാമൂഹിക അകലം പാലിച്ച് കസേരയും സജ്ജമാക്കിയിട്ടുണ്ട്. സമീപത്ത് വിശാലമായ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.