പ്ലാസ്റ്റിക് നിരോധനം യാഥാർഥ്യമാക്കുന്നതിന് പിന്തുണ പ്രഖ്യാപിച്ചു അബുദാബിയിലെ പ്രമുഖ റീറ്റെയ്ൽ സ്ഥാപനങ്ങൾ
അബുദാബി: പ്ലാസ്റ്റിക് നിരോധനം യാഥാർഥ്യമാക്കുന്നതിന് അബുദാബിയിലെ പ്രമുഖ റീറ്റെയ്ൽ സ്ഥാപനങ്ങൾ പിന്തുണ പ്രഖ്യാപിച്ചു . ഒറ്റത്തവണ ഉപയോഗിച്ച് കളയുന്ന പ്ലാസ്റ്റിക് ഉത്‌പന്നങ്ങൾ ജൂൺ ഒന്ന് മുതലാണ് നിരോധിക്കുന്നത്. പ്ലാസ്റ്റിക് മുക്ത എമിറേറ്റ് എന്ന ലക്‌ഷ്യം പൂർത്തീകരിക്കുന്നതിനുള്ള ആദ്യ നടപടികൾക്ക് ജൂൺ ഒന്ന് മുതൽ അബുദാബി തയ്യാറെടുക്കുമ്പോൾ ഉറച്ച പിന്തുണയുമായി എത്തിയിരിക്കുകയാണ് പ്രമുഖ റീറ്റെയ്ൽ സ്ഥാപനങ്ങൾ. ലുലു ഗ്രൂപ്പ് , ക്യാരിഫോർ , അബുദാബി കോ ഓപ്പ് , സ്പാർ , ചോയിത്രാ൦ , സ്പിന്നീസ് , വെയിറ്റ് റോസ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉന്നത ഉദ്യോഗസ്ഥ സംഘമാണ് പ്ലാസ്റ്റിക് വിരുദ്ധ നീക്കത്തിന് സംയുക്ത പിന്തുണ അറിയിച്ചത്. ലുലു ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് സി ഇ ഓ സെയ്‌ഫി രൂപാവാലയാണ് പ്രതിജ്ഞ പത്രത്തിൽ ഒപ്പുവെച്ചത്.
അബുദാബി പരിസ്ഥിതി വകുപ്പ് മേധാവികളും, സാമ്പത്തിക വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കു ചേർന്നു. പദ്ധതി നടപ്പിലാക്കുന്നതിൽ മാത്രമല്ല സ്ഥാപനങ്ങളിൽ നിന്നും നൽകുന്ന റീയൂസബിൾ ബാഗുകൾക്ക് നിരക്ക് ഈടാക്കുമെന്നും സ്ഥാപന മേധാവികൾ അറിയിച്ചു. പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് ബദൽ മാര്ഗങ്ങൾ കണ്ടെത്തുന്നതിനും, പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നതിനും തീരുമാനമെടുത്തു. ആഗോള പ്ലാസ്റ്റിക് ഉത്പാദനത്തിൽ 36 ശതമാനവും ഒരിക്കൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ്. അത് തന്നെ പ്രതിവർഷം 400 ദശലക്ഷം ടൺ വരുമെന്നതാണ് ഭീതിജനകമായ കണക്ക് .യു എ ഇ യിൽ പ്രതിവർഷം 1100 കോടി പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കുന്നു. അതായതു ഒരാൾ ഒരു വര്ഷം 1182 പ്ലാസ്റ്റിക് ബാഗ് ഉപയോഗിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആഗോള ശരാശരി ഒരാൾക്ക് 307 ബാഗ് എന്ന നിലയിൽ നിൽക്കുമ്പോൾ അതിന്റെ 4 ഇരട്ടിയാണ് യു എ ഇ യിലെ പ്ലാസ്റ്റിക് ഉപഭോഗം.