അബുദാബിയിലെ വനിതാ സംരംഭകയ്ക്ക് ശ്രീരത്‌ന അവാർഡ്
തിരുവനന്തപുരം: കേരള കലാകേന്ദ്രം ഏർപ്പെടുത്തിയ ഈ വർഷത്തെ ശ്രീരത്‌ന അവാർഡിന് അബുദാബിയിൽ പ്രവർത്തിക്കുന്ന പ്രസ്റ്റീജ് കമ്പനി മാനേജിങ് ഡയറക്ടർ റോഷിനി റോബിൻസൺ അർഹയായി. വ്യത്യസ്‍ത മേഖലകളിൽ കഴിവ് തെളിയിച്ച വനിതകൾക്ക് നൽകുന്ന അവാർഡ് ആണ് സ്ത്രീരത്‌നം അവാർഡ്. സ്ത്രീ സമൂഹത്തിന്റെ പുരോഗതിക്കും ഉന്നമനത്തിനും അതുവഴി സ്ത്രീശാക്തീകരണത്തിനും പ്രോത്സാഹനം നൽകുവാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് കേരള കലാകേന്ദ്രം ഈ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിസന്ധി കാലത്തും വിജയം കൈവരിച്ച വനിതാ സംരംഭക എന്ന നിലയ്ക്കാണ് റോഷിനി അവാർഡിന് അർഹയായത്. സയന്റിസ്റ്റ് ഡോ. ആർ. എസ്. ജയശ്രീ(ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്), ഡോ. ചിത്രാ രാഘവൻ(സൂപ്രണ്ട്,റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി), ബ്രിന്ദ പുനലൂർ (സാഹിത്യകാരി) എന്നിവരാണ് മറ്റ് അവാർഡ് ജേതാക്കൾ. നന്ദാവനം പാണക്കാട് ഹാളിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ വച്ച് അവാർഡ് വിതരണം നടക്കുകയുണ്ടായി . മുൻപ്രധാന മന്ത്രി ഡോ.മൻമോഹൻ സിംഗിന്റെ ഉപദേഷ്ട്ടാവ് ടി. കെ. എ. നായർ അവാർഡ് ദാനം നിർവഹിച്ചു. ചടങ്ങിൽ മുൻ പോലീസ് അഡീഷണൽ ഡയറക്ടർ ഇ ജെ ജയരാജ് അധ്യക്ഷനായിരുന്നു, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോ.ജോർജ്ജ് ഓണക്കൂർ, പാലോട് രവി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
തിരുവനന്തപുരം ജില്ലയിലെ തീരദേശ മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ചു വളർന്ന് വിവാഹ ശേഷം ഭർത്താവിനോടൊപ്പം അബുദാബിയിലെത്തുകയായിരുന്നു. വീട്ടമ്മയായി ഒതുങ്ങി കഴിയുന്നതിന് പകരം സ്വന്തമായി ബിസിനെസ്സ് സംരംഭം ആരംഭിക്കുകയായിരുന്നു റോഷിനി. കോവിഡ് പ്രതിസന്ധിയിൽ സ്ഥാപനങ്ങൾ പലതും പൂട്ടിപ്പോയ സാഹചര്യത്തിൽ സ്വന്തം ബിസിനെസ്സ് സ്ഥാപനത്തെ നിലനിർത്തുന്നതിലും പുരോഗതിയിൽ എത്തിയ്ക്കുന്നതിലും റോഷിനി കാണിച്ച ഇശ്ചാശക്തി സ്ത്രീ സംരംഭകർക്ക് മാത്രമല്ല എല്ലാ സംഭരംഭകർക്കും മാതൃകയാക്കാവുന്നതാണ്. അതോടൊപ്പം താൻ ജനിച്ചുവന്ന സമൂഹത്തിൽ നിന്നും അബുദാബിയിൽ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ ഇടയിൽ പ്രവർത്തിക്കുവാനും റോഷിനി സമയം കണ്ടെത്താറുണ്ട്. സാമുദായിക സാംസ്കാരിവക രംഗത്തും തന്റേതായ സാന്നിദ്യവും ഇടപെടലുകളും നടത്തിയിട്ടുണ്ട് അവാർഡ് ജേതാവ്.