ഖത്തറിൽ ഇന്ത്യ – താലിബാൻ ചർച്ച നടന്നു.
ഖത്തർ: ഇന്ത്യ അഫ്ഗാനിസ്ഥാൻ നയതന്ത്ര ബന്ധം സംബന്ധിച്ചു താലിബാനുമായി ആദ്യ ഔദ്യോഗിക ചർച്ച ഖത്തറിൽ നടന്നു . ദോഹയിൽവച്ചാണ് ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തൽ താലിബാൻ നേതാവുമായി ചർച്ച നടത്തിയത്. താലിബാന്റെ ഖത്തറിലെ രാഷ്ട്രീയ കാര്യാലയ തലവൻ ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്സായുമായി കൂടിക്കാഴ്ച നടത്തിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.
ദോഹയിലെ ഇന്ത്യൻ എംബസിയിൽവച്ചായിരുന്നു കൂടിക്കാഴ്ച എന്നും വാർത്താക്കുറിപ്പിൽ പറയുന്നു. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കും ഭീകരവാദത്തിനും അഫ്ഗാൻ മണ്ണിനെ വേദിയാക്കരുതെന്ന് ദീപക് മിത്തൽ താലിബാനെ അറിയിച്ചതായി വാർത്താക്കുറിപ്പിൽ പറയുന്നു.അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ, ഇന്ത്യയിലേക്കുള്ള മടക്കം തുടങ്ങിയ കാര്യങ്ങളാണു പ്രധാനമായും ചർച്ചയായത്.