അബുദാബിയിൽ പുതിയ വിനോദ കേന്ദ്രം
അബുദാബി: അബുദാബിയിൽ പുതിയ സാംസ്കാരിക, വിനോദ കേന്ദ്രം കൂടി വരുന്നു. സാദിയാത് ദ്വീപിലാണ് ടീംലാബ് ഫിനോമിന എന്ന ദൃശ്യവിസ്മയ കേന്ദ്രം ഒരുക്കുന്നത്. 17,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ടീംലാബ് ഫിനോമിന സജ്ജമാകുക .സായിദ് നാഷനൽ മ്യൂസിയം, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, ലൂവ്റ് അബുദാബി, ഗുഗൻഹൈം അബുദാബി എന്നിവയുടെ സമീപത്തായാണ് കേന്ദ്രം നിർമിക്കുന്നത്. 17,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സജ്ജമാക്കുന്ന ടീംലാബ് 2024ൽ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും. അബുദാബി സാംസ്കാരിക, വിനോദ സഞ്ചാര വകുപ്പും മിറൽ ഗ്രൂപ്പും ചേർന്നാണ് പദ്ധതി യാഥാർഥ്യമാക്കുക. വരാനിരിക്കുന്ന വിസ്മയങ്ങളുടെ സൂചനാ പ്രദർശനം ജൂലൈ 17 വരെ മംഷ അൽ സാദിയാത്തിൽ ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതൽ രാത്രി 10 വരെയാകും പ്രവേശനം.