മറ്റ് എമറേറ്റുകളിൽ നിന്നും അബുദാബിയിലേക്കുള്ള പ്രവേശനത്തിനുള്ള നിയമങ്ങളിൽമാറ്റം.
അബുദാബിയിലേക്കുള്ള പ്രവേശനം കൂടുതൽ കർശനമാക്കികൊണ്ട് പുതിയ നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു. നവംബർ 8 മുതലാണ് പുതിയ സുരക്ഷാ നിയന്ത്രങ്ങൾ പ്രാബല്യത്തിൽ വരുന്നത്.
പുതിയ നിർദ്ദേശം അനുസരിച്ചു മറ്റ് എമറേറ്റുകളിൽ നിന്നും അബുദാബിയിലേക്ക് വരുന്നവർ നാലോ അതിലധികമോ ദിവസങ്ങൾ അബുധാബിയിൽ തുടർന്നാൽ നാലാമത്തെ ദിവസം പി സി ആർ ടെസ്റ്റിന് വിധേയമാകണം . അബുദാബിയിലെ താമസം എട്ടോ അതിലധികമോ ദിവസമായാൽ എട്ടാം ദിവസവും പി സി ആർ ടെസ്റ്റിന് വിധേയമാകണം . അതായതു എട്ടോ അതിലധികമോ ദിവസം അബുധാബിയിൽ തങ്ങുന്നതിനാണ് ഉദ്ദേശമെങ്കിൽ നാലാം ദിവസവും എട്ടാം ദിവസവും പി സി ആർ പരിശോധനക്ക് വിധേയമാകണം എന്നതാണ് പുതിയ നിർദ്ദേശത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നിയമം ലംഘിക്കുന്നവർക്ക് 5000 ദിർഹമാണ് പിഴയായി നൽകുക . യുഎഇ പൗരന്മാർക്കും , റെസിഡന്റ് വിസയുള്ളവർക്കും , രാജ്യത്തേക്ക് മടങ്ങിയെത്തുന്ന റെസിഡന്റ്‌സ് വിസക്കാർക്കും നിയമം ഒരേപോലെ ബാധകമാണെന്നും അറിയിച്ചിട്ടുണ്ട്. അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് നിലവിലുള്ളതുപോലെ തന്നെ 48 മണിക്കൂറിനുള്ളിൽ എടുത്ത പി സി ആർ ടെസ്റ്റോ ഡി പി ഐ ടെസ്റ്റോ മതിയാകും. അബുദാബിയിലേക്ക് പ്രവേശിക്കുന്ന ദിവസത്തെയാണ് ഒന്നാമത്തെ ദിവസമായി കണക്കാക്കുക എന്ന് നിർദ്ദേശത്തിൽ വ്യക്തമായി സൂചിപ്പിക്കുന്നു. ഞായറാഴ്ചയാണ് അബുദാബിയിലേക്ക് പ്രവേശിക്കുന്നതെങ്കിൽ തൊട്ടടുത്ത ബുധനാഴ്ചയും ,അതിനടുത്ത ഞായറാഴ്ചയുമാണ് പി സി ആർ ടെസ്റ്റ് നടത്തേണ്ട ദിവസങ്ങൾ . കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളികളായവർക്കു ഈ നിയമം ബാധകമല്ലെന്നും പ്രവേശന കവാടത്തിൽ എമര്ജൻസി വാഹനങ്ങൾക്ക് കടന്നു പോകുന്നതിനു അടയാളപ്പെടുത്തിയ വരിയിലൂടെ അബുദാബിയിലേക്ക് പ്രവേശിക്കാമെന്നും അബുദാബി മീഡിയ ഓഫീസിൽ പുറപ്പെടുവിച്ച പുതിയ മാർഗ്ഗ നിർദ്ദങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.