എക്സ്പോ 2020 യുടെ പ്രവേശന ടിക്കറ്റുകളുടെ നിരക്ക് പ്രഖ്യാപിച്ചു.
യു എ ഇ: യു എ ഇ കാത്തിരിക്കുന്ന എക്സ്പോ 2020 യുടെ പ്രവേശന ടിക്കറ്റുകളുടെ നിരക്ക് പ്രഖ്യാപിച്ചു . കോവിഡ് പ്രതിസന്ധി ഉലച്ച ലോക രാജ്യങ്ങളിൽ പ്രതീക്ഷയുടെ പുതിയ ഊർജ്ജം പകരുമെന്ന് കരുതുന്ന ലോക മഹാമേളക്ക് ഇനി 91 ദിവസ്സങ്ങൾ കൂടി മാത്രം. ഒരു തവണ പ്രവേശിക്കുന്നതിന് 95 ദിർഹമാണ് ഈടാക്കുന്നത്. ആറു മാസത്തേക്കുള്ള സീസൺ പാസ്സിന് 495 ദിർഹമാണ് നിരക്കായി നിശ്ചയിച്ചിരിക്കുന്നത്. 18 വയസ്സിനു താഴെയുള്ളവർക്കും , അംഗവൈകല്യം ഉള്ളവർക്കും പ്രവേശനം സൗജന്യമാണ്. അവരെ അനുഗമിക്കുന്ന ഒരാൾക്ക് 50 ശതമാനം ഇളവും നൽകും . ഒരു മാസത്തേക്കുള്ള പ്രവേശന ടിക്കറ്റ് 195 ദിര്ഹത്തിനും ലഭ്യമാണ്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഒരു ദിവസം പരമാവധി 120000 പേർക്കാകും പ്രവേശനം അനുവദിക്കുക . സന്ദർശകർ വാക്‌സിൻ എടുക്കുന്നത് ഉചിതമെങ്കിലും നിർബന്ധമല്ലെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.
ഒക്ടോബർ ഒന്ന് മുതൽ 2022 മാർച്ച് 31 വരെയാണ് എക്സ്പോ 2020 നടക്കുന്നത്. ആഗോളതലത്തിൽ പ്രശസ്തരായ കലാകാരന്മാരുടെയും , സംഘങ്ങളുടെയും കലാ സാംസ്ക്കാരിക പരിപാടികളിലേക്ക് നിരവധി യു എ ഇ യിലെ താമസക്കാരും , വിദേശ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരും അടക്കം ആയിരക്കണക്കിന് ആളുകൾ കാഴ്ചക്കാരായി എത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. കോവിഡ് മൂലം പ്രതിസന്ധികളിൽ കഴിയുന്ന ലോകത്തെ ഒന്ന് ഉണർത്താൻ , ഉത്തേജിപ്പിക്കാൻ , ഭാവിയിലേക്കുള്ള പ്രതീക്ഷയുടെ ഉറപ്പു പകരാൻ എക്സ്പോ 2020 ലോക മഹാമേളക്ക് കഴിയുമെന്നാണ് സംഘാടകർ നൽകുന്ന ഉറപ്പ് .