നബ്‌ലസ് നഗരം ഇസ്രായേൽ സൈന്യത്തിന്റെ ഉപരോധത്തിൽ; നാല് ഫലസ്തിനികളെ കൊലപ്പെടുത്തി
വെസ്റ്റ് ബാങ്ക്: ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ നാല് ഫലസ്തീനികൾ കൊല്ലപ്പെടുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അധിനിവേശ വെസ്റ്റ് ബാങ്കിന്റെ വടക്ക് ഭാഗത്തുള്ള പുരാതന നഗരമായ നബ്‌ലസിലും പരിസരത്തും ഏറ്റുമുട്ടൽ തുടരുകയാണെന്ന്. അതെസമയം നിരവധി ഇസ്രായേൽ സൈനികർ നബ്‌ലസ് പട്ടണത്തിൽ കയറിയതായും ഫലസ്തീൻ അധികൃതർ അറിയിച്ചു. രണ്ടാഴ്ചയിലേറെയായി പ്രദേശം ഇസ്രായേൽ സൈന്യത്തിന്റെ ഉപരോധത്തിന് കീഴിലാണ്.
ചൊവ്വാഴ്‌ച പുലർച്ചെ കൂടുതൽ ഇസ്രായേൽ സൈനികർ എത്തിയതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായതെന്ന് ഫലസ്തീൻ ഫതഹ് വക്താവ് പറഞ്ഞു. “നബ്‌ലസിൽ ഇസ്രായേൽ വെടിവെപ്പിൽ മൂന്ന് പേർ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മധ്യ വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ അതോറിറ്റിയുടെ ആസ്ഥാനമായ റമല്ലയിൽ മറ്റൊരു ഫലസ്തീനിയെ കൂടി ഇസ്രായേൽ സൈന്യം വധിച്ചതായി മന്ത്രാലയം റിപ്പോർട്ട് ചെയ്തു.
എന്നാൽ, തങ്ങളുടെ സൈന്യം നബ്‌ലസിൽ എത്തിയെന്ന കാര്യം സ്ഥിരീകരിച്ച ഇസ്രായേൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഫലസ്തീൻ ജനതക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്ന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടതായി അദ്ദേഹത്തിന്റെ വക്താവ് നബീൽ അബു റുദീനെ പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേൽ അതിക്രമം അപകടകരവും വിനാശകരവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അബു റുദീനെ പറഞ്ഞു.